Image∙ Shutterstock - 1

ഇന്നെനിക്ക് പൊട്ടുകുത്താന്‍.... ഈ പാട്ട് എവിടെനിന്നുകേട്ടാലും തല, ഒന്നുയര്‍ത്തി നോക്കാത്ത മലയാളിയുണ്ടാകുമോ? ഒരു തലമുറയെ ഒന്നാകെ വശ്യസൗന്ദര്യത്തിലാറാടിച്ച ജയഭാരതിയാണ് സ്ക്രീനില്‍. സ്വപ്ന നായികയ്ക്ക് ഇന്ന് സപ്തതിയാണ്. ജയഭാരതിയെ ഒന്നുകാണാന്‍ മാത്രം ഒരു സിനിമ പലതവണ കണ്ട് കൊട്ടക നിറച്ചവര്‍ക്ക് വിശ്വസിക്കാന്‍ വലിയ താല്‍പര്യമില്ലാത്ത സംഗതി. 

കൊല്ലത്താണ് വേരെങ്കിലും തെന്നിന്ത്യന്‍ പ്രേക്ഷകരുടെയൊട്ടാകെ മനസ്സില്‍ ആഴ്ന്നിറങ്ങിയ നായിക. ലക്ഷ്മി ഭാരതി, ജയഭാരതിയായി മാറി സിനിമയിലെത്തിയത് പതിമൂന്നാംവയസ്സിലാണ്. പെണ്‍മക്കള്‍ എന്ന സിനിമയാണ് മലയാളത്തില്‍ ശ്രദ്ധേയയാക്കുന്നത്. കാട്ടുകുരങ്ങ് എന്ന ചിത്രം വന്നതോടെ സിനിമാലോകം ജയഭാരതിയെ വാനിലേക്കുയര്‍ത്തി. കെ.എസ്. സേതുമാധവന്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകള്‍ നായികാനിരയില്‍ മുന്നേറ്റത്തിന് വഴിയൊരുക്കി. പാടുന്ന പുഴ, ഉറങ്ങാത്ത സുന്ദരി, ഗുരുവായൂര്‍ കേശവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. പ്രേംനസീറിനും ജയനുമൊപ്പം മഹാവിജയങ്ങള്‍. ത്രസിപ്പിക്കുന്ന സൗന്ദര്യം ആരാധക മനസില്‍ എളുപ്പത്തിലിടം നല്‍കാന്‍ ജയഭാരതിയെ ആവോളം സഹായിച്ചു.

പത്മരാജന്‍– ഭരതന്‍ കൂട്ടുകെട്ടിലെത്തിയ രതിനിര്‍വേദത്തിലൂടെ നായികാവഴിയില്‍ പുതിയ നടപ്പുരീതി പരീക്ഷിച്ചു. മറുപക്കത്തിലൂടെ ദേശീയതലത്തില്‍ ജൂറി പുരസ്കാരം നേടിയ നടിയെ തേടി രണ്ടുതവണ സംസ്ഥാനപുരസ്കാരങ്ങളെത്തി. ഇടയ്ക്ക് സിനിമയില്‍നിന്ന് മാറിനിന്നു. ഒരിക്കല്‍ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയില്‍ നിന്ന് ജയഭാരതി മാറിനിന്നിട്ട് കാല്‍നൂറ്റാണ്ടിനടുത്തായെങ്കിലും നായികാസങ്കല്‍പങ്ങളില്‍ മുന്‍പന്തിയില്‍തന്നെയാണ് ഇന്നും കസേര.  

ENGLISH SUMMARY:

Seventieth birthday of jayabharathi