TOPICS COVERED

റീൽസുകൾ മലയാളിയുടെ മനസിൽ ഇടംപിടിച്ച നാൾ മുതൽ സർക്കാർ ഓഫീസുകൾ റീൽസിൻ്റെ ലൊക്കേഷനും ജീവനക്കാർ താരങ്ങളുമായി മാറിയിട്ടുണ്ട്. ഡോക്ടർമാരും പൊലീസുകാരും തുടങ്ങി ഐ എ എസ് ഉദ്യോഗസ്ഥർ വരെ അങ്ങിനെ കയ്യടി നേടിയവരിൽ പെടും. ഇടക്കിടെ അച്ചടക്കത്തിൻ്റെ വാളോങ്ങുമെങ്കിലും സർക്കാരും അത് ആസ്വദിക്കലാണ് പതിവ്. അങ്ങിനെ വൈറലായ ചില സർക്കാർ റീലുകളിലേക്ക്.

ആശുപത്രിയെന്ന് കേട്ടാൽ നാട്ടുകാർ പേടിച്ചിരുന്ന കോവിഡ് കാലത്താണ് തൃശൂർ മെഡിക്കൽ കോളജിലെ നവീനും ജാനകിയും ആശുപത്രി ഇടനാഴികളിൽ ചുവടുവച്ചത്. അവർക്കൊപ്പം മലയാളികളും മനസിൽ താളം പിടിച്ചെങ്കിൽ ചിലർ അവിടെയും മതത്തിൻ്റെയും ലിംഗത്തിൻ്റെയുമെല്ലാം വേലിക്കെട്ടുകളുയർത്തി. ആശുപത്രിയിലെ റീൽസ് തന്നെയായിരുന്നു ജാനകിയുടെയും കൂട്ടരുടെയും മറുപടി. 

റീൽസിന് യൂണിഫോം ഒരു പ്രശ്നമേയല്ലെന്ന് കാക്കിയിട്ട കലാകാരൻമാർ പല തവണ തെളിയിച്ചിട്ടുണ്ട്. ഫാൻ പേജുകളിൽ ജീപ്പും സ്റ്റേഷനുമെല്ലാം അഭിനയിച്ച് തകർത്തിട്ടുണ്ട്. ചിക്കൻ കറിയും കപ്പയും വച്ചാണ് പത്തനംതിട്ടയിലെ ഇലവുംതിട്ട പൊലീസുകാർ വൈറലായത്. സാധാരണ ഉദ്യോഗസ്ഥർ മാത്രമല്ല ജോലിക്കിടയിലെ നല്ല നിമിഷങ്ങളും സന്തോഷങ്ങളും  സമൂഹമാധ്യമങ്ങളിൽ പങ്കവയ്ക്കുമ്പോൾ കളക്ടർമാരും ഐ എ എസ് ഉദ്ദോഗസ്ഥരും  കയ്യടി നേടുന്നത് പല തവണ നാം കണ്ടു.

ഇതെല്ലാം ആസ്വദിച്ച മലയാളി, സർവീസ് ചട്ടങ്ങളുടെ നൂലളവ് നോക്കാതെയാണ് തിരുവല്ല നഗരസഭയിലെ ഉദ്യോഗസ്ഥരെയും സ്വീകരിച്ചത്. നടപടി ഒഴിവാക്കി മന്ത്രി പിന്തുണ പ്രഖ്യാപിച്ചതും മലയാളിയുടെ മനസ് അറിഞ്ഞ് തന്നെ. സർക്കാർ ഓഫീസുകളിൽ പൊതുജനത്തിന് നീതി നിഷേധിക്കുന്നില്ലന്ന് ഉറപ്പുണ്ടെങ്കിൽ ഉദ്യോഗസ്ഥ ഭാരമില്ലാതെ അവരും ആഘോഷിക്കട്ടെ.