കരുതലിനായി കൈകോർത്ത ഒരുകൂട്ടം വിദ്യാർഥികളുടെ കാഴ്ച കാണാം.കാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താൻ എക്സ്സ്റ്റൻഷൻ ബോർഡുകൾ നിർമിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.
ഈ കച്ചവടം ഇവർക്ക് വെറും കൗതുകം മാത്രമല്ല തൊഴിലധിഷ്ഠിത പഠനത്തിലൂടെ തങ്ങൾ സ്വയത്തമാക്കിയ അറിവുകൾ സ്കൂൾ ലാബിൽ വച്ച് തന്നെ മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് ഈ മിടുക്കർ. സ്കൂളിലെ ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളാണ് നാല് തരത്തിലുള്ള എക്സ്റ്റൻഷൻ ബോർഡുകൾ നിർമ്മിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ ഉദ്യമത്തിന് അധ്യാപകരും വലിയ പിന്തുണയാണ് നൽകുന്നത്.എല്ലാവിധ സുരക്ഷാ നിർദ്ദേശങ്ങളും ഉറപ്പാക്കി കുറഞ്ഞ വിലക്കാണ് ഇവർ ബോർഡുകൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. വിലക്കുറവും ഗുണമേന്മയും ഉള്ള എക്സ്റ്റൻഷൻ ബോർഡുകൾക്ക് വിപണിയിലും വൻ സ്വീകാര്യതയാണ്.
ഇത്തരം പ്രവർത്തനങ്ങളിലൂടെ കൂടുതൽ പേരെ സഹായിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ.