കാസര്‍കോട് മണ്ഡലത്തില് ആറ് ഭാഷകള്‍ സംസാരിക്കുന്ന സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും തലക്കെട്ടാവുകയാണ് മഹിളാമോര്‍ച്ച ദേശീയ നേതാവ് കൂടിയായ അശ്വിനി. തിരഞ്ഞെടുപ്പിനായി പണം നന്നായെറിഞ്ഞു. 70 ലക്ഷത്തിലേറെ രൂപയാണ് എം.എൽ.അശ്വിനി തിരഞ്ഞെടുപ്പിനായി ചെലവഴിച്ചത്.
വോട്ടിൽ പിന്നിലായെങ്കിലും ചെലവഴിച്ച ‘നോട്ടിൽ’ മുന്നിലെത്തിയിരിക്കുകയാണ് കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. മണ്ഡലത്തിൽ നിന്നു ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും ജയിച്ച യുഡിഎഫിലെ രാജ്മോഹൻ ഉണ്ണിത്താൻ ആകെ ചെലവഴിച്ചത് 47.81 ലക്ഷം രൂപയാണ്. അശ്വിനിയെക്കാൾ 22 ലക്ഷത്തിന്റെ കുറവ്.
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി ബാനർ, ബോർഡ്, കട്ടൗട്ട് എന്നിവയ്ക്കായി 14 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചുമരെഴുത്തിനായി 3.34 ലക്ഷവും പോസ്റ്റർ, നോട്ടിസ് തുടങ്ങിയവയ്ക്കായി 8.82 ലക്ഷവും കൊടികൾക്കായി 22,500 രൂപയും മൈക്ക് സെറ്റിനായി 2.84 ലക്ഷവും വിനിയോഗിച്ചു.ഇതടക്കമുള്ള പ്രചാരണ പ്രവർത്തന സാമഗ്രികൾക്കായി മാത്രം ആകെ 30 ലക്ഷം രൂപയാണ് അശ്വിനി ചെലവഴിച്ചത്. പൊതുയോഗത്തിനായി 4.74 ലക്ഷവും റാലി, സ്റ്റാർ ക്യാംപെയ്ൻ എന്നിവയ്ക്കായി 6 ലക്ഷത്തോളം രൂപയും പത്ര–ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയതിനു 13 ലക്ഷവും വാഹന വാടകയായി 8.67 ലക്ഷവും പ്രവർത്തകർക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി 5.23 ലക്ഷവും എൻഡിഎ മണ്ഡലത്തിൽ ചെലവാക്കി.