ഇനിയൊരു തോണി യാത്രയെ പറ്റിയാണ്..കർണാടകയിൽ നിന്ന് വയനാട്ടിലെ പെരിക്കല്ലൂരിലേക്ക് സ്കൂൾ കുട്ടികളേയും വഹിച്ച് കബനി പുഴ മുറിച്ചു കടന്നുള്ള സ്നേഹ യാത്രയെ പറ്റി. കുട്ടികൾക്ക് പാട്ടൊക്കെ പാടി കൊടുത്തുള്ള കടത്തുകാരുടെ ഈ ഉദ്യമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പാലം നിർമിക്കാൻ 30 വർഷം മുമ്പ് തീരുമാനമെടുത്തെങ്കിലും അതും നടക്കാതായതോടെയാണ് കുട്ടികൾക്ക് തോണിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നത്. ആ യാത്രയിലേക്ക്...
കബനിയുടെ ഓളങ്ങൾ താണ്ടിയൊരു യാത്ര. കർണാടകയുടെ ഭാഗമായ ബൈരക്കുപ്പ, മച്ചൂർ, ബാവലി ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളും നാട്ടുകാരുമൊക്കെയാണ് അന്തർ സംസ്ഥാന തോണിയിലെ യാത്രക്കാർ.. സംസ്ഥാനം കർണാടകയാണെങ്കിലും പഠനത്തിന് 100 കണക്കിന് കുട്ടികൾ ആശ്രയിക്കുന്നത് പെരിക്കെല്ലൂരിലെ സ്കൂളിനെയാണ്, അത് കൊണ്ട് സ്കൂളിൽ പോകാനും തിരിച്ചു വരാനും ഈ തോണിയും കടത്തുകാരും തന്നെ വേണം. പാട്ടൊക്കെ പാടി സ്നേഹത്തോടെ ഓരോ കുട്ടികളേയും സ്കൂളിലും വീട്ടിലുമെത്തിക്കും
ഏതു സമയവും കബനിയുടെ മുഖം മാറാം. പുഴയിൽ വെള്ളവും ഒഴുക്കും കൂടിയാൽ തോണിയിറക്കാനാവില്ല, ക്ലാസും മുടങ്ങും. കരക്കിപ്പുറം നിന്ന് പുഴയുടെ ഗതി നോക്കി വേണം മാതാപിതാക്കൾക്ക് കുട്ടികളെ തോണിയിൽ കയറ്റി വിടാൻ.. കടവിൽ പതിനാല് തോണികളുണ്ട്, എൽ കെ ജി തൊട്ട് ഹയർ സെക്കന്ററി വരെയുള്ള കുട്ടികൾ തോണിയിലുണ്ടാകും..എല്ലാവർക്കും സൗജന്യം.. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പാലം നിർമിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പേ തീരുമാനിച്ചതാണ്. കേരള കർണാടക മുഖ്യമന്ത്രിമാർ സംയുക്തമായി ചേർന്ന് 1994 ൽ ശിലാഫലകവും സ്ഥാപിച്ചു. ഫലകത്തിലെ എഴുത്ത് മാഞ്ഞു എന്നല്ലാതെ പാലം നടന്നതേയില്ല. അപകടം പതിയിരിക്കുന്നുണ്ടെങ്കിലും ഈ പാട്ടും സ്നേഹ യാത്രയും മുടക്കമില്ലാതെ തുടരുന്നുണ്ട്..