നരിയോറമലയില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന 22 കിലോമീറ്റര്‍ കല്ലായി പുഴ സംസ്ഥാനത്തെ ഏറ്റവും മലിനമായ നദിയായത് എങ്ങനെയാണ്. കോഴിക്കോട്ടെ വ്യവസായങ്ങളെയും കച്ചവടങ്ങളെയും കൈപിടിച്ച് വളർത്തിയ പുഴയെ വിഷം പേറുന്ന നീർച്ചാലാക്കിയത് ആരാണ്.യാഥാര്‍ഥ്യം തേടിയിറങ്ങിയ മനോരമ ന്യൂസ് ടീം കണ്ടെത്തിയ കാഴ്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു.
വാഴ്ത്തിപ്പാടിയ കല്ലായിയ്ക്ക് ചരമഗീതമെഴുതുകയാണ് പലരും ഇന്ന് .മുണ്ടക്കല്‍ മുത്താച്ചി കുണ്ടിലെ 18 നീരുറവകള്‍ ചേര്‍ന്നൊഴുകുന്ന നീര്‍ച്ചാലില്‍ നിന്നാണ് കല്ലായിയുടെ തുടക്കം . കടുപ്പിനിയില്‍ മാമ്പുഴയുമായി ചേരുന്നതോടെ പുഴയാകുന്നു. പിന്നെ നഗരത്തിലേക്ക് നിറഞ്ഞൊരുക്കാണ്.കിണാശേരി കഴിഞ്ഞാല്‍ കല്ലായിപ്പുഴ മാലിന്യം തള്ളാനുള്ള ഇടമാണ്.വ്യവസായ ശാലകളും ഹോട്ടലുകളും പുറന്തള്ളുന്ന മാലിന്യം ഏറ്റുവാങ്ങിയാണ് പിന്നെയുള്ള ഒഴുക്ക്.
കറുത്തിരുണ്ട് ഒഴുകുന്ന പുഴ വട്ടാം പൊയില്ലെത്തുന്നതോടെ നഗരത്തിന്‍റെ മാലിന്യ ശേഖരമായ കനോലി കനാലുമായി ചേരും.
ഇതോടെ ചെളിയടിഞ്ഞ വെറുമൊരു വിഷച്ചാല്‍ മാത്രമായിരുന്നു കല്ലായ് മാറുന്നു. അഴിമുഖം വരെയുള്ള ദൂരം പുഴയ്ക്ക് ദുരിതപര്‍വമാണ്.അഴുക്കും ചളിയും അടിഞ്ഞുകൂടിയ തീരങ്ങള്‍.. മരത്തടികളും പ്ലാസ്റ്റിക് വേസ്റ്റുകളും കല്ലായിയെ ശ്വാസം മുട്ടിക്കുന്നു. ഇതല്ലാത്തൊരു ഭൂതകാലം പുഴയ്ക്കുണ്ടായിരുന്നു.ഇതെല്ലാം പഴങ്കഥകളാണ്. വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇന്ന് പുഴയുടെ സമ്പാദ്യം.