ഇന്ന് ലോക സർപ്പ ദിനം. നിരവധി പേർക്ക് പാമ്പ് കടിയേറ്റ സംസ്ഥാനത്ത് വനം വകുപ്പിന്‍റെ സർപ്പ ആപ്പിന് അത് കുറയ്ക്കുന്നതിൽ നിർണായക പങ്കുണ്ട്. ജനവാസ മേഖലകളിൽ കണ്ടെത്തിയ ഭൂരിഭാഗം പാമ്പുകളെയും പിടിച്ച് കാട്ടിൽ കൊണ്ടുവിടാൻ കഴിഞ്ഞിട്ടുണ്ടെന്ന് വനം വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
വനം വകുപ്പ് സർപ്പ ആപ്പ് പുറത്തിറക്കിയത് 2020 ൽ . കേരളത്തിലെവിടെ നിന്നും വനം വകുപ്പിന്‍റെ ലൈസൻസുള്ള പാമ്പുപിടിത്തക്കാരെ ഇതുവഴി ബന്ധപ്പെടാമെന്നതാണ് ഗുണം. 2020 മുതൽ 2024 വരെയുള്ള കണക്കിലൂടെ കണ്ണോടിച്ചാൽ റിപ്പോർട്ട് ചെയ്യപ്പെട്ട 90 ശതമാനത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാകും. 36,501 പാമ്പുകളെയാണ് നാല് വർഷത്തിനിടെ പിടിച്ചത്. 2019 ൽ 130 ലേറെ പേർ മരിച്ച സംസ്ഥാനത്ത് 2023 ൽ മരണം 40 മാത്രം. ഓരോ വർഷവും പാമ്പുകൾ പെരുകുന്നു എന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
നിസാര ജോലിയല്ല പാമ്പുപിടിത്തം. പരിശീലനം ലഭിച്ചവരെങ്കിലും ജീവൻ പണയപ്പെടുത്തിയാണ് ഓരോ ദൗത്യവും. ഏത് ദിശയിലും തിരിഞ്ഞു കടിക്കുന്ന അണലിയും മാരകവിഷമുള്ള രാജവെമ്പാല , മൂർഖൻ എന്നിവയെയൊക്കെയാണ് ഓരോ ദിവസവും പിടിക്കേണ്ടിവരുന്നത്. പെരുമ്പാമ്പും കുറവല്ല. മഴക്കാലമാണിത്. ശ്രദ്ധേ വേണം എവിടെയുമെന്ന് ഓർമിപ്പിക്കുന്നു ഇവർ. സാധാരണ കാട്ടിൽ മാത്രം കാണാറുള്ള രാജവെമ്പാലയെ നാട്ടിൽ കാണുന്നത് കാട് നശിപ്പിക്കുന്നത് കൊണ്ടാണത്രേ .