പത്തനംതിട്ടക്കാരുടെ ഉമ്മന്‍ചാണ്ടിയാണ് മൈലപ്ര സ്വദേശി ഗീവര്‍ഗീസ് തറയില്‍. പത്തനംതിട്ടയിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമാണ്. മുപ്പത് വര്‍ഷത്തിലധികമായി ഉമ്മന്‍ചാണ്ടിയുടെ അനുയായി ആണ് ഗീവര്‍ഗീസ്. മേയ്ക്കപ്പ് ഒന്നും ഇല്ലാതെ തന്നെ രൂപവും ഭാവവുമെല്ലാം ഒറ്റനോട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ തോന്നും.
മൈലപ്രയിലെത്തുന്ന ആരും ഒന്നു നോക്കിപ്പോകും. തെങ്ങിന്‍തൈ നിരത്തുന്ന ഉമ്മന്‍ ചാണ്ടി. അല്ലെങ്കില്‍ എന്തെങ്കിലും കാര്‍ഷിക വിളകളുമായെത്തുന്ന ഉമ്മന്‍ ചാണ്ടി. അടുത്തെത്തുമ്പോള്‍ മനസിലാകും അത് ഉമ്മന്‍ ചാണ്ടിയോട് സാമ്യമുളള കര്‍ഷകനും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഗീവര്‍ഗീസാണെന്ന്.
ഉമ്മന്‍ ചാണ്ടിയാവാന്‍ പ്രത്യേക മേയ്ക്കപ്പൊന്നും ഇല്ല. മുടി അങ്ങനെയാണ്. പിന്നെ ഒരു ഖദര്‍ ഷര്‍ട്ടും മുണ്ടും ഷാളുംമാത്രം. വിടപറഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ അഭാവത്തെ ഗീവര്‍ഗീസ് കാണുന്നതിങ്ങനെയാണ്.
ഇപ്പോള്‍ വയസ് എഴുപത്തിനാലായി. രണ്ടു വട്ടം ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. വിവാദമായ മൈലപ്ര സഹകരണബാങ്കിന്‍റെ ഭരണസമിതി അംഗമായിരുന്നു. പിന്നെ രാജിവച്ച് ഗീവര്‍ഗീസ് വിവരാവകാശ നിയമം കൊണ്ട് നടത്തിയ പോരാട്ടത്തിലാണ് മൈലപ്ര ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്തു വന്നത്.