suresh-kumar

TOPICS COVERED

കുട്ടിക്കാലത്ത് മുടങ്ങിയ പഠനം അന്‍പതാം വയസില്‍ പുനരാരംഭിച്ചു. ഏഴാതരം, പത്താംതരം തുല്യത പരീക്ഷകള്‍ വിജയിച്ചു. ഇതിനിടയില്‍ തിരക്കേറിയ ജനപ്രതിനിധിയുമായി. ഒറ്റപ്പാലം നഗരസഭയിലെ അന്‍പത്തി നാലുകാരനായ കൗണ്‍സിലര്‍ വീട്ടാമ്പാറ കിഴക്കേതിൽ സുരേഷ്കുമാറിന് ബിരുദധാരിയാവുകയാണ് സ്വപ്നം.

ഏഴാം ക്ലാസിൽ ഉപേക്ഷിച്ച വിദ്യാഭ്യാസമാണ് സുരേഷ്കുമാർ നാല് പതിറ്റാണ്ടിനിപ്പുറം തുല്യത പരീക്ഷകളിലൂടെ കയ്യെത്തിപ്പിടിക്കുന്നത്. വരോട് യുപി സ്കൂൾ വിദ്യാർഥിയായിരിക്കെ പ്രകടനം നയിച്ചതിന് അധ്യാപകരില്‍ നിന്നു കേട്ട ശകാരത്തിനു പിന്നാലെയാണു പത്താം വയസിൽ പഠനം നിർത്തിയത്. പിന്നീട് ഇഷ്ടിക ചൂളയിൽ പണിക്കു പോയി. പപ്പട നിർമാണവും പശുവളർത്തലുമെല്ലാമായി ജീവിതം മുന്നോട്ട്. പഠനത്തിനു ശേഷം സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറിയ സുരേഷ്കുമാർ പിന്നീടു നഗരത്തിൽ സിഐടിയു വിഭാഗം ചുമട്ടുതൊഴിലാളിയായി. 

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതിനിധിയായി കൗണ്‍സിലറായി. പിന്നാലെ സുരേഷ്കുമാര്‍ നഗരത്തിലെ ബന്ധുവിന്റെ ജ്വല്ലറിയിൽ ജീവനക്കാരനായി. വാർഡിൽ ആരെങ്കിലും ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതാനുണ്ടോയെന്ന അന്വേഷണവുമായി സാക്ഷരത പ്രേരക്മാർ സമീപിച്ചപ്പോള്‍ ഞാനുണ്ടെന്നായി സുരേഷ്കുമാർ. തമാശയാണെന്നു കരുതി പ്രേരക്മാർ കാര്യമായെടുത്തില്ല. പിറ്റേന്നു രേഖകളുമായെത്തി റജിസ്റ്റർ ചെയ്തു പഠനം തുടങ്ങി. ഏഴാം ക്ലാസ് വിജയത്തിനു പിന്നാലെ പത്താംതരം കടമ്പയും പൂർത്തിയാക്കി. 68 ശതമാനം മാർക്ക് നേടിയായിരുന്നു വിജയം. ഇനി പന്ത്രണ്ടാം ക്ലാസ്. 

 

പന്ത്രണ്ടും മികച്ചനിലയില്‍ പൂര്‍ത്തിയാക്കുമെന്നാണ് സുരേഷ്കുമാറിന്റെ ആത്മവിശ്വാസം. വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ ബിഎ മലയാളം ബിരുദം സ്വന്തമാക്കണമെന്നാണു സ്വപ്നം. സിപിഎം വരോട് ലോക്കൽ കമ്മിറ്റി അംഗം കൂടിയാണു സുരേഷ്കുമാർ.

ENGLISH SUMMARY:

Man who restart his studies after turning 50s. He stopped his studeis at age of 10. Now he is on the way to achieve his biggest dream to have a degree.