ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുളള തിരച്ചില്‍ 11ാം ദിവസവും പുരോഗമിക്കുകയാണ്. പുഴയ്ക്കടിയിലുളള ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചെങ്കിലും ലോറി പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഗംഗാവലിപ്പുഴയിലെ ശക്തമായ അടിയൊഴുക്കും കനത്തമഴയുമാണ് തിരിച്ചിലിന് വെല്ലുവിളിയാകുന്നത്. കേരളം ഒന്നടങ്കം അര്‍ജുനായി കാത്തിരിക്കുകയാണ്. സോഷ്യല്‍ ലോകത്ത് അര്‍ജുനായി മലയാളികള്‍ ഒന്നടങ്കം കൈകോര്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. അര്‍ജുനെ കാണാതായി പതിനൊന്ന് ദിവസം പിന്നിടുന്ന സാഹചര്യത്തിലും അര്‍ജുന്‍ തിരിച്ചുവരും എന്ന പ്രതീക്ഷ കേരളക്കര കൈവിടുന്നില്ല. അതിന് ഉദാഹരണമാണ് അര്‍ജുന് വേണ്ടി സോഷ്യലിടത്ത് ഉയരുന്ന പോസ്റ്റുകളും കമന്‍റുകളുമെല്ലാം. അത്തരത്തില്‍ അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യലിടത്ത് ശ്രദ്ധനേടുന്നത്.

നേരിട്ട് കാണാത്ത, വാര്‍ത്തകളിലൂടെ മാത്രം കേട്ടറിഞ്ഞ അര്‍ജുനായി ഒരു നാട് മുഴുവന്‍ കാത്തിരിക്കുകയാണെന്നാണ് ഒരു സോഷ്യല്‍മീഡിയ ഉപഭോക്താവിന്‍റെ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് അര്‍ജുന്‍ തന്‍റെയും ഈ നാടിന്‍റെയും ആരൊക്കെയോ ആയി മാറിയിരിക്കുന്നു. അര്‍ജുന്‍റെ പേര് പറ‍ഞ്ഞ് കണ്ണുനിറയുന്ന എത്രയോ അമ്മമാര്‍ ഇവിടെയുണ്ട്..ഓരോ അമ്മമാർക്കും ഓരോ കുടുംബങ്ങൾക്കും ഇപ്പോൾ മകനും കൂടപ്പിറപ്പുമാണ് അര്‍ജുനെന്നും അര്‍ജുന്‍ മടങ്ങിവരവിനായി അതിയായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു എന്നുമാണ് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

കുറിപ്പിന്‍റെ പൂര്‍ണരൂപം:

'വെറും 10 ദിവസത്തെ പരിചയം മാത്രമേ ഉള്ളു അർജുൻ നിന്നോട് - അതിനു മുന്നേ ഒരിക്കലും ഞാൻ കണ്ടിട്ടോ അല്ലേൽ കേട്ടിട്ടോ ഇല്ല നിന്നെ പറ്റി. പക്ഷേ ഈ പത്തു ദിവസം കൊണ്ട് നീ എന്റെ ആരൊക്കെയോ ആയി എന്നതാണ് സത്യം. ഓരോ നിമിഷവും മനസ്സിൽ നിന്റെ മുഖം മാത്രമാണ്. നിന്റെ ചിന്തകളാണ്. പ്രാർത്ഥിക്കാൻ മാത്രമേ കഴിയു. ഓരോ നിമിഷവും അതുണ്ട്. പ്രിയപ്പെട്ടവനെ നീ ഒന്ന് മടങ്ങി വരാൻ അത്രമേൽ ആഗ്രഹിക്കുന്നുണ്ട്. ഇനി ഉള്ള മണിക്കൂറുകൾ ഓരോ മലയാളിക്കും പ്രതീക്ഷയുടെ മിനിറ്റുകൾ ആണ്.  വെള്ളത്തിന്റെ അടിയിൽ ആ പുഴയിൽ ഒരു മനുഷ്യന് 10 ദിവസം ജീവനോടെ ഇരിക്കാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നില്ല.

എനിക്ക് എന്ന് അല്ല ലോകത്ത് ആർക്കും അത് വിശ്വസിക്കാൻ പറ്റില്ല അങ്ങനെ. പക്ഷേ കോടികണക്കിന് വരുന്ന ആളുകളുടെ പ്രാർത്ഥന ഒരു പക്ഷെ ദൈവം കേൾക്കാതെ ഇരിക്കില്ല എന്ന ആത്മവിശ്വാസം മാത്രമാണ് ഇപ്പോൾ എനിക്ക് ഉള്ളത്. ഓരോ മലയാളിയുടെയും മനസ്സിൽ ഈ നിമിഷവും അർജുനെ നീ ഒരു ചിരിയോടെ മുകളിലേക്ക് വരും എന്നുള്ള പ്രതീക്ഷയാണ് ഉള്ളത്. കാരണം നിന്നെ അത്രമേൽ ഈ നാട് ഇപ്പോൾ സ്നേഹിക്കുന്നുണ്ട്. അതിനായി അങ്ങനെ വിശ്വസിക്കാനായി ഓരോ ആളുകളും ഭാരത് ബെൻസ് എന്ന വാഹനത്തെയും അതിന്റെ ഗുണങ്ങളെ പറ്റിയും സ്വയം പറയുകയാണ്.

വേറെ ഒന്നിനും അല്ല ഒരു ആത്മവിശ്വാസം സ്വയം കിട്ടാൻ അവർ ഓരോരുത്തരും ഓരോ കഥകൾ ചിന്തിച്ചു കൂട്ടുകയാണ്. നിന്റെ മടങ്ങി വരവ് മാത്രം ആഗ്രഹിക്കുന്ന ഒരു ജനതക്ക് അങ്ങനെ ചിന്തിക്കാൻ പറ്റു. എല്ലാം നിന്നോട് ഉള്ള സ്നേഹം.  പുറത്തു പോയാൽ പോലും നിന്റെ പേര് പറഞ്ഞു കണ്ണ് നിറഞ്ഞ് നിൽക്കുന്ന എത്രയോ അമ്മമാർ. ഒരു മകനെ കാണാതായ വേദനയോടെ അവര് ഈ പത്താം ദിവസവും പറയുന്നത് എസി വണ്ടി ആണ് അതിനുള്ളിൽ ഇരുന്നാൽ നിനക്ക് ഒന്നും പറ്റില്ല എന്ന്. എൻ്റെ മക്കൾ സ്കൂൾ വിട്ടു വന്നവാട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് അർജ്ജുന്‍ ഏട്ടൻ്റെ കാര്യം എന്തയി? അപോൾ എൻ്റെ മനസ്സ് പിടയും. തിരിച്ചു കിട്ടും എന്തായാലും അർജ്ജുനനെ ഏട്ടനെ നമുക്ക് തിരിച്ചു കിട്ടും എന്ന് പറഞ്ഞു സമാധാനിപ്പിക്കും. എല്ലാം എന്ത് ചെയ്യാൻ പറ്റും. 

എന്താണ് അവരോട് ഒക്കെ പറയുക അത്രമേൽ നീ ആരൊക്കെയോ ആണ് ഇപ്പോൾ. ഓരോ അമ്മമാർക്കും ഓരോ കുടുംബങ്ങൾക്കും നീ ഇപ്പോൾ മകൻ ആണ് കൂടപ്പിറപ്പാണ്. ആ സ്നേഹം ഈ പത്തു ദിവസം കൊണ്ട് പല സ്ഥലങ്ങളിലും വെച്ചു നിന്റെ പേര് പറഞ്ഞു പൊട്ടികരയുന്നവരെ നേരിൽ കണ്ടു. 

അവരുടെ ഒക്കെ ആഗ്രഹം പോലെ അവരുടെ ഒക്കെ പ്രതിക്ഷകൾ പോലെ എന്റെ കൂടപ്പിറപ്പേ നീ തിരികെ വരണം. നിന്നെ ഒന്ന് കാണാൻ ചിരിക്കുന്ന മുഖത്തോടെ നിന്നെ ഒന്ന് നേരിൽ കാണാൻ അത്രമേൽ ആഗ്രഹം ഇപ്പോളുണ്ട്. പറ്റില്ലടോ നിന്നെ വിട്ട് കൊടുക്കാൻ. നീ എന്റെ ആരും ആരുന്നില്ല പക്ഷെ ഇപ്പോൾ നീ എന്റെ ആരൊക്കെയോ ആണ്. മനസ്സിന്റെ വേദനകൾ അടക്കി പിടിച്ചുകൊണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. 

ENGLISH SUMMARY:

A social media user shared an emotional note for Arjun's comeback