‘തിരിച്ച് വരുമെന്ന പ്രതീക്ഷ തെറ്റിച്ച് അച്ഛൻ പോയി’, നെഞ്ചുലഞ്ഞ് ശ്രീകല പറഞ്ഞ ആ വാക്കുകള്‍ കേട്ട് ‘ഉടൻ പണം’ ഫ്ലോര്‍ ഒന്നാകെ കണ്ണീരില്‍ കുതിര്‍ന്നു. ആ വലിയ സ്റ്റുഡിയോ ഫ്ലോറിന്‍റെ നാല് ചുമരിനുമപ്പുറം ആ മകളുടെ കണ്ണീര്‍ കണ്ട് മലയാളിയും കരഞ്ഞു. മോളെ നീ ഒറ്റക്കല്ലാ , ഞങ്ങളുണ്ട് കൂടെ എന്ന് കേരളം ഒന്നാകെ പറയുന്നിടത്ത് മറ്റൊരു ലോകത്തിരുന്ന് ശ്രീകലയുടെ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാവും.
അപ്രതീക്ഷമായ അച്ഛന്‍റെ വിയോഗത്തെ പറ്റി ‘ഉടൻ പണം’ ഫ്ലോറില്‍ ശ്രീകല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. രോഗബാധിതനായ അച്ഛന്‍റെ മരണത്തെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശ്രീകല അറിയുന്നത് . ഒരു നിമിഷം കൊണ്ട് താന്‍ തകര്‍ന്ന് പോയ ജീവിതം കണ്ണീരോടെ പറഞ്ഞപ്പോള്‍ ശ്രീകലക്കൊപ്പം ഉടന്‍ പണം ഫ്ലോര്‍ ഒന്നാകെ കണ്ണീരിലാഴ്ന്നു.
‘ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മ വിളിച്ച് പറഞ്ഞു നീ നാളെ സ്കൂളില്‍ പോകണ്ട, അമ്മ വല്ലാതെ കരയുന്നുണ്ടായിരുന്നു, എനിക്ക് കാര്യം മനസിലായില്ല, പിന്നാലെ ഞാന്‍ കാണുന്നത് എന്‍റെ സ്കൂളിലെ വാട്സ് ആപ് ഗ്രൂപ്പില്‍ അച്ഛന് ആദരാഞ്ജലി അറിയിച്ച് ചിത്രം വരുന്നതാണ്. എന്‍റെ അച്ഛന്‍..പിന്നെ എനിക്ക് ഒന്നും ഓര്‍മയില്ല ..’ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നാണ് ഉടൻ പണം മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്നത്.