കേരളം ഒന്നടങ്കം പ്രാര്‍ഥനയോടെ കാത്തിരുന്നത് അര്‍ജുനെ കണ്ടെത്തി എന്ന വാര്‍ത്തയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ 13 ദിവസം തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും ദൗത്യസംഘത്തിന് അര്‍ജുനെ കണ്ടെത്താനായില്ല. അര്‍ജുന്‍റെ ലോറി കിടക്കുന്ന സ്ഥലം ലൊക്കേറ്റ് ചെയ്തെങ്കിലും ഗംഗാവലിപ്പുഴയിലെ അതിശക്തമായ അടിയൊഴുക്ക് രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. ഒടുവില്‍ തൃശൂരില്‍ നിന്നുളള ഡ്ര‍ിജിങ് യന്ത്രമെത്തിച്ച് തിരച്ചില്‍ തുടരാമെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനമായി. അര്‍ജുന്‍റെ രക്ഷാദൗത്യം വീണ്ടും പ്രതിസന്ധിയില്‍ തന്നെ തുടരുകയാണ്. അതിനിടയില്‍ ഉറ്റവര്‍ പോയതറിയാതെയുളള ചില മിണ്ടാപ്രാണികളുടെ കാത്തിരിപ്പ് ഷിരൂരിലെ നോവുന്ന കാഴ്ച്ചയായി മാറുകയാണ്. 

ഒരു ദുരന്തഭൂമിയായി മാറിയ ഷിരൂരില്‍ ഉടമസ്ഥനെയും കുടുംബത്തെയും കാത്ത് കിടക്കുന്ന ലക്ഷ്മണയുടെ നായ കാഴ്ച്ചക്കാരുടെ ഉളളുലയ്ക്കുകയാണ്. മണ്ണിടിച്ചില്‍ ഉറ്റവരുടെ ജീവനെടുത്തതറിയാതെ അവരുടെ മടങ്ങിവരവിനായി ദിവസങ്ങളായി നായ അപകടസ്ഥലത്ത് തന്നെ തുടരുകയാണ്. അങ്ങിങ്ങായി മറ്റു ചില മിണ്ടാപ്രാണികളുമുണ്ട്. എല്ലാവരും തിരയുന്നത് ഒരുപക്ഷേ തങ്ങളുടെ പ്രിയപ്പെട്ടവരെ തന്നെയാകാം. ലോഡുമായി ഷിരൂരിലൂടെ കടന്നുപോകുന്ന വാഹനങ്ങളെല്ലാം നിര്‍ത്തിയിരുന്നത് ലക്ഷ്മണയുടെ ചായക്കടയ്ക്ക് മുന്നിലാണ്. അവിടെ ലക്ഷ്മണയും  ഭാര്യയും മക്കളും അവരുടെ നായയുമാണ് ഉണ്ടായിരുന്നത്. ഈ കുടുംബത്തെയും അവരുടെ കടയെയും മുഴുവനായി കലിതുളളി വന്ന മഴ കവര്‍ന്നെടുത്തു. അവിടെ ബാക്കിയായതാകട്ടെ അവരുടെ പ്രിയപ്പെട്ട നായ മാത്രം. 

ഷിരൂരിലൂടെ കടന്നുപോകുന്നവരുടെയെല്ലാം ഇഷ്ട ഇടമായിരുന്നു ലക്ഷ്മണിന്‍റെ കട. കേരള ഭക്ഷണം ലഭിക്കുന്നതിനാൽ അർജുനെ പോലെയുളള നിരവധി പേരുടെ ആശ്രയം കൂടിയായിരുന്നു ഈ കൊച്ചുകട. എന്നാലിന്ന് ആ കട ഇരുന്ന സ്ഥലത്ത് ഒന്നും തന്നെ ബാക്കിയില്ല. അപകടസ്ഥലത്ത് നിന്ന് ആദ്യം കണ്ടെത്തിയതും ലക്ഷ്മണയുടെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങളാണ്. എന്നാല്‍ ഇവരുടെ ബന്ധുവും കടയിലെ സഹായിയുമായ ജഗന്നാഥനെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം ഗംഗാവലിപ്പുഴയില്‍ രൂപം കൊണ്ട മണ്‍കൂനയ്ക്കടിയിലാണ് അര്‍ജുന്‍റെ ട്രക്ക് ഉളളതെന്നാണ് സൂചന. ഈ ട്രക്ക് പുറത്തെടുക്കണമെങ്കില്‍ അതിനുമുകളില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും പാറക്കല്ലുകളും തടിക്കഷ്ണങ്ങളുമടക്കം മാറ്റണം. ഇവയ്ക്കൊക്കെ മുകളിലായി വലിയൊരു ആല്‍മരവും കിടപ്പുണ്ട്. ഈ ആല്‍മരം മുറിച്ചുമാറ്റാതെ ട്രക്ക് പുറത്തെടുക്കാനാകില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കര്‍ണാടക കലക്ടര്‍ ലക്ഷ്മിപ്രിയയും അറിയിച്ചു. ഇതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തൃശൂരില്‍ നിന്നും ഡ്രജിങ് മെഷീന്‍ എത്തിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ENGLISH SUMMARY:

Shirur landslide; impact