ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന വയനാടൻ ജനതക്ക് അതിജീവനത്തിന്‍റെ വീറുറ്റ മാതൃകയായി ലെഫ്റ്റനന്‍റ് കേണൽ ഋഷി രാജലക്ഷ്മി. ഭീകരവാദികളുടെ ആക്രമണത്തിൽ മുഖം നഷ്ടമായെങ്കിലും പതറാത്ത മനസുമായി പോരാട്ടം തുടരുകയാണ് ധീരസൈനികൻ. വയനാട്ടിലെ ദുരന്തമേഖലയിലെത്തിയ മാസ്കിട്ട സൈനികന്‍റെ ജീവിതം തന്നെയാണ് അതിജീവനത്തിന്‍റെ മുഖമുദ്ര.
ആലപ്പുഴയിൽ കെഎസ്ഇബി എഞ്ചിനീയറായിരുന്നു ഋഷിയെ രാജ്യത്തെ ഏറ്റവും ധീരസൈനികനാക്കിയത് ഇന്ത്യൻ ആർമി കുപ്പായത്തോടുള്ള അടങ്ങാത്ത അഭിനിവേശം. ഭീകരവാദികളുടെ പേടിസ്വപ്നമായിരുന്നു രാഷ്ട്രീയ റൈഫിൾസിലെ മേജറായിരിക്കെയാണ് ജീവിതം മാറ്റിമറിച്ച ഏറ്റുമുട്ടൽ. പുൽവാമയിലെ ത്രാളിൽ വീട്ടിലോളിച്ച രണ്ട് ഭീകരവാദികളെ തുരത്താൻ ഐഇഡി ബോംബുമായി മേജർ ഋഷി അകത്തുകയറി.
ബോംബ് സ്ഥാപിച്ച് മടങ്ങവേ ഭീകരരിൽ ഒരാൾ വെടിയുതിർത്തു. ആ വെടിയുണ്ട മൂക്കും വായയും തകർത്തെങ്കിലും മേജറിന്‍റെ ധൈര്യം ചോർത്തിയില്ല. വെടിയേറ്റ് കിടന്ന മേജർ ഋഷി ഇരു ഭീകരരെയും വകവരുത്തിയ ശേഷമാണ് ആശുപത്രിയിലെത്തിയത്.
പിന്നീട് 35ദിവസം ഐസിയുവിൽ. രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മേജർ ഋഷി വൈകാതെ സൈന്യത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. മെക്കാനിക്കൽ ഇൻഫെൻട്രിയുടെ ലഫ്റ്റനന്‍റ് കേണലായാണ് ഋഷി രാജലക്ഷ്മി വയനാട്ടിലെത്തിയത്. വയനാടൻ ജനതയോട് ഐക്യപ്പെട്ട ആത്മവിശ്വാസത്തോടെയാണ് ദുരന്തേമേഖലയിലെ ദൗത്യം പൂർത്തിയാക്കി അദ്ദേഹത്തിന്റെ മടക്കം.