ഒറ്റ രാത്രി കൊണ്ട് നാമാവശേഷമായിപ്പോയ മുണ്ടക്കൈയുടെയും ചൂരല്‍മലയുടെയും പുനരധിവാസത്തിനായി കൈകോര്‍ക്കുകയാണ് രാജ്യം. വയനാടിന്‍റെ കണ്ണീരൊപ്പാന്‍ സഹായം പ്രവഹരിക്കുമ്പോള്‍, ഒരുപാട് ആഗ്രഹിച്ചു നേടിയ വിരാട് കോലിയുടെ കൈയ്യൊപ്പ് വീണ ബാറ്റ് ലേലത്തിന് വയ്ക്കാന്‍ ഒരുങ്ങുകയാണ് മലയാളിയും ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫിസറുമായി സിബി ഗോപാലകൃഷ്ണന്‍. ലേലത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് സിബി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കിങ് കോലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ് കിട്ടാനുള്ള ആഗ്രഹവും ആ ദിവസങ്ങളെയും പോസ്റ്റിലൂടെ ഓര്‍ത്തെടുക്കുന്നുണ്ട് സിബി. സ്വകാര്യ ശേഖരത്തിൽ ഗതകാലങ്ങളെ ഓർഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ചിരുന്നതാണെങ്കിലും ആ തീരുമാനം മാറ്റുകയാണെന്നും, സഹോദരങ്ങൾ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്, വിരാടിന്‍റെ പൂർണ്ണ കയ്യൊപ്പ് വീണ അതേ ബാറ്റ് ലേലത്തിൽ വയ്ക്കുന്നു. ദുരന്തത്തെ അതിജീവിച്ച അവശേഷിക്കുന്ന സഹോദരങ്ങൾക്കായി മാറ്റി വയ്ക്കാനായി മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. കൂടെ നിൽക്കാൻ എല്ലാവരുമുണ്ടാകുമല്ലോ എന്നും സിബി കുറിച്ചു.
സിബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
രണ്ട് വർഷം കൂടുമ്പോൾ അരങ്ങേറുന്ന ക്രിക്കറ്റിലെ 20-20 മാമാങ്കത്തിൽ ഇന്ത്യൻ ദേശീയ ടീമിന്‍റെ ലെയ്സൺ ഓഫിസർ എന്ന നിലയിൽ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ദേശീയ ടീമിനൊപ്പം അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമായി മുപ്പത്തിയഞ്ച് ദിവസങ്ങൾ. അനിശ്ചിതത്തിന്‍റെ ഭംഗിയാകെ കോരിനിറച്ച് ഓരോ നിമിഷങ്ങളെയും ഉദ്വേഗജനകമാക്കുന്ന ക്രിക്കറ്റ് എന്ന കായിക കലയെ സിരകളിൽ ആവാഹിച്ച് ഓരോ കളിക്കാരുടെയും കൂടെ നിന്ന അപൂർവ്വ നിമിഷങ്ങൾ.
വൃത്താകാരമുള്ള പുൽമൈതാനങ്ങൾക്ക് പുറത്ത് കളിക്കാരുടെ ക്ഷേമ സൗകര്യങ്ങളെ സംബന്ധിച്ച കാര്യങ്ങളുമായി കൂടിക്കുഴയുമ്പോഴും കൂടെ കൂട്ടിയ ആഗ്രഹവുമുണ്ടായിരുന്നു. കിങ് കോലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ്. സഹതാരങ്ങൾ പോലും ആരാധനയോടും ബഹുമാനത്തോടും കൂടി മാത്രം കാണുന്ന കോലിയോട് ഈ ആഗ്രഹം ഒന്ന് പറയാൻ ഒടുവിൽ ലോകക്കപ്പും സ്വന്തമാക്കി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പുവരെ കാത്തിരിക്കേണ്ടി വന്നു. മുൻപായി ആഗ്രഹം അറിയിച്ചു. തിരക്കിനിടയിലും പുഞ്ചിരിയോടെ ആഗ്രഹം നിവർത്തിച്ചു തന്ന ആ നല്ല മനസ്സിന് നന്ദി.
സ്വകാര്യ ശേഖരത്തിൽ ഗതകാലങ്ങളെ ഓർഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ച വിരാട് കോലിയുടെ പൂർണ്ണ കൈയ്യൊപ്പ് വീണ ആ ബാറ്റ് എന്‍റെ വശമുണ്ട്. ഇപ്പോൾ എന്‍റെ നാട്ടിൽ, വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലുമൊക്കെയായി ഉരുൾപൊട്ടലിൽ മണ്ണെടുത്ത സഹോദരങ്ങൾ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്, മാറുന്ന തീരുമാനം എല്ലാവർക്കുമായി അറിയിക്കട്ടെ.
വിരാടിന്‍റെ പൂർണ്ണ കയ്യൊപ്പ് വീണ അതേ ബാറ്റ് ഞാൻ ലേലത്തിൽ വയ്ക്കുന്നു. ഏറ്റവും ഉയർന്ന തുക നൽകുന്നയാളിന് ബാറ്റ് സ്വന്തമാക്കാം. മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും. ദുരന്തത്തെ അതിജീവിച്ച അവശേഷിക്കുന്ന സഹോദരങ്ങൾക്കായി മാറ്റി വയ്ക്കാൻ. കൂടെ നിൽക്കാൻ എല്ലാവരുമുണ്ടാകുമല്ലോ
സ്നേഹപൂർവ്വം, സിബി ഗോപാലകൃഷ്ണൻ