പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിന് ശേഷം, സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഒരു ചിത്രമുണ്ട്. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മൂന്നുവയസുകാരി റൂബിയ എന്ന കൊച്ചുമിടുക്കിയുടെ ചിത്രം. മഹാദുരന്തത്തിലെ അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് റൂബിയ. അവള്‍ക്ക് ഇന്ന് ഉമ്മ മാത്രമേ ഉള്ളൂ. ഉപ്പയും സഹോദരങ്ങളുമടക്കം സര്‍വതും നഷ്ടപ്പെട്ടു. ദുരന്തത്തിൽ ഉറ്റവരെയും നഷ്ടപ്പെട്ട് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന റൂബിയയെയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.മോദിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന കുഞ്ഞിന്റെ മുഖവും ചിരിയും കണ്ടവരുടെയെല്ലാം മനസു നിറക്കുന്നതാണ്. ഇപ്പോളിതാ സൈബറിടത്ത് വൈറലാകുന്നത് ഈ ചിത്രം വച്ചുള്ള കുറിപ്പാണ്. ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് ചേർത്ത് പിടിക്കാൻ ഇങ്ങനെ ഉള്ള കരങ്ങളാണെന്നും മോള് ഒറ്റക്കല്ലായെന്നും കുറിപ്പില്‍ പറയുന്നു.
കുഞ്ഞു റൂബിയക്ക് മൂന്നു വയസ്സാണ് പ്രായം. മഹാ ദുരന്തത്തിൽ പ്രിയപ്പെട്ട ഉപ്പ ഷാജഹാൻ അകപ്പെട്ടു. പൊന്നു പോലെ സ്നേഹിച്ച സഹോദരിമാർ ഹിനയും സിലുവും പോയി. വല്യുപ്പയും വല്യുമ്മയും മണ്ണിനടിയിലായി. പരുക്കേറ്റ ഉമ്മ ജസീലയാണ് റൂബിയക്കൊപ്പമുള്ളത്.