abhinav

രാമായണ മാസത്തില്‍ രാമായണം ക്യാന്‍വാസിലൊതുക്കി ഒന്‍പതാം ക്ലാസുകാരന്‍. മണ്ണാർക്കാട് ചേറുംകുളത്തെ ഒൻപതാം ക്ലാസുകാരൻ അഭിനവ് കെ.അശോകാണ് വിസ്മയം തീർക്കുന്നത്. പാരായണത്തിനപ്പുറം പ്രധാന കഥാപാത്രങ്ങളെല്ലാം വരയിലൂടെ മികവോടെ തെളിയുകയായിരുന്നു.

 

രാമായണമാസം തുടങ്ങി അവസാനിക്കുമ്പോഴേക്കും രാമായണം ചൊല്ലി പൂര്‍ത്തിയാക്കുക എന്നതാണ് പഴയമയിലൂന്നിയ പതിവ്. ക്ഷേത്രങ്ങളിലും ആചാരങ്ങള്‍ മുറപോലെ സൂക്ഷിക്കുന്ന വീടുകളിലും ഇതാണ് രീതി. ഇതില്‍ നിന്നും വ്യത്യസ്തമായി മുപ്പത് അടി നീളമുള്ള ക്യാന്‍വാസിൽ രാമായണം വരച്ചാണ് അഭിനവ് കൈവഴക്കത്തിന്റെ വൈഭവം അറിയിച്ചത്. രാമായണത്തിലെ ബാലകാണ്ഡം മുതൽ ഉത്തരകാണ്ഡം വരെയുള്ള ഏഴു കാണ്ഡങ്ങളും ക്യാന്‍വാസില്‍ തെളിഞ്ഞിട്ടുണ്ട്. രാമൻ, സീത, ലക്ഷ്മണൻ, ഭരതൻ,രാവണൻ,സുഗ്രീവൻ,ഹനുമാൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നീ കഥാപാത്രങ്ങളെയെല്ലാം മികവോടെ വരച്ച് ചേര്‍ത്തിട്ടുണ്ട്. 

ചേറുംകുളത്തെ വീട്ടിലെ മുറിയില്‍ മുപ്പതടി ക്യാന്‍വാസ് ഒരുക്കിയാണ് രാമായണം വരച്ച് പൂര്‍ത്തീകരിക്കുന്നത്. അശോകൻ ബിന്ദു ദമ്പതികളുടെ മകനായ അഭിനവ് കെ അശോക് മണ്ണാർക്കാട് എം.ഇ.ടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയാണ്. രാമായണമാസം കഴിയുന്ന ദിവസം പുലാപ്പറ്റ ശ്രീ ചെറുനാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ തന്‍റെ രാമായണ വരയുടെ ക്യാന്‍വാസ് സമര്‍പ്പിക്കും. 

ENGLISH SUMMARY:

A ninth grader has prepared Ramayana on canvas