സ്കൂളിലും കോളജിലുമൊക്കെ ഒന്നിച്ച് പഠിച്ചവരുടെ കൂട്ടായ്മകളും ഒത്തുചേരലുകളും പതിവാണ്. ഇതേ ഒത്തുചേരൽ ഒരു വാഹനത്തിന്റെ ഒരു മോഡലിൽ ചുറ്റിയാണെങ്കിലോ. അങ്ങനെയൊന്ന് തിരുവനന്തപുരത്ത് നടന്നു.
എത്ര ആഡംബര കാറുകൾ വന്നാലും ഇവൻ ഒരു വികാരമാണ്. ഇന്ന് ഇരുപത് വയസുള്ളവരുടെയെല്ലാം ജീവിതത്തിലെ ഏതെങ്കിലും ഒരു മുഹൂർത്തത്തിൽ ഇവൻ മറക്കാനാവാത്ത ഓർമയാണ്. അംബാസിഡർ.
കവടിയാർ കൊട്ടാരത്തിൽ നടന്ന ഈ ഒത്തുചേരൽ വെറും അംബാസിഡറിന്റെ അല്ല. 1975-78 കാലത്ത്, അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ മാർക്കറ്റിൽ ഇറങ്ങിയ മാർക്ക് ത്രീ മോഡലിന്റെ ഒത്തുചേരലാണ്. കേരളത്തിൽ ആകെ ഇരുപതിൽ താഴെയുള്ളു ഇന്ന് മാർക്ക് ത്രീ. കൊട്ടാരത്തിലുമുണ്ട് ഒന്ന്. 1965ൽ വാങ്ങിയ മാർക്ക് ടു മോഡൽ. പക്ഷേ മാർക്ക് ത്രീയായി പിന്നീട് രൂപമാറ്റം വരുത്തി. വിവാഹസമ്മാനമായി കിട്ടിയ കാറിനോട് അശ്വതി തിരുനാൾ ഗൌരി ലക്ഷ്മി ഭായിക്ക് ഒരു പ്രത്യേക സ്നേഹമാണ്. എറണാകുളം, കോട്ടയം അങ്ങനെ പല ഭാഗത്ത് നിന്ന് വന്ന മാർക്ക് ത്രീ കൂട്ടായ്മ കൊട്ടാരത്തിന് ചുറ്റം വലം വച്ചു. വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു.