TOPICS COVERED

വെള്ളാർ മല പോസ്റ്റ് ഓഫീസിലേക്ക് എത്തുന്ന ഭൂരിഭാഗം കത്തുകൾക്കും ഇപ്പോൾ ഉടമകൾ ഇല്ല. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ തേടി എത്തുന്ന കത്തുകൾ  പോസ്റ്റുമാൻ മണികണ്ഠനും വലിയ നൊമ്പരമാണ്. കത്തിലെ ഓരോ മേൽവിലാസവും മുറിപ്പെടുത്തുന്ന ഓർമകളാണ്.

പതിവായി വരുന്ന വഴിയിൽ ഇന്ന് പരിചിതർ ആരുമില്ല. സ്കൂളിന് സമീപത്തെ റോഡിലൂടെ മണിച്ചേട്ടൻ പോസ്റ്റ്‌ ഓഫീസിലേക്ക് നടന്നു. കത്തുകൾ പതിവിലും കുറവാണ്. ഉള്ളതാകട്ടെ ആർക്ക് കൊടുക്കാൻ. കത്തിലെ മേൽവിലാസത്തിൽ ഉള്ള  ആളുകൾ പലരും ജീവിച്ചിരിപ്പില്ല. എന്തിന്  ആ വീട്ടുപേരുള്ള വീടുമില്ല, നാടുമില്ല. കത്തുകൾ ബാഗിൽ ഇട്ട് നടത്തം തുടങ്ങിയാൽ  ഹൃദയം വിങ്ങും. നെഞ്ചു പൊട്ടും. ഒരു നാട് തന്നെ ഇങ്ങനെ ഇല്ലാതാകുമെന്ന് ആരും കരുതിയത് അല്ലല്ലോ. നടന്നുള്ള യാത്രയായതിനാൽ ചൂരൽ മലയിലെ എല്ലാ ഇടവഴികളും അദ്ദേഹത്തിന് സുപരിചിതമാണ് ഒപ്പം ആളുകളെയും.  ദുരന്തത്തിനുശേഷം മേപ്പാടിയിലേക്ക് കൊണ്ടുവന്ന മൃതശരീരങ്ങൾ തിരിച്ചറിയാൻ മുൻപന്തിയിൽ നിന്നതും ഈ പോസ്റ്റുമാൻ തന്നെ . 

ENGLISH SUMMARY:

Vellarmala post office after landslide