നടൻ ജയസൂര്യക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്ക് വന്ന ഭീഷണി സന്ദേശം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് നടി. മെസേജിന്റെ സ്ക്രീൻ ഷോട്ട് ഇവിടെ പങ്കുവയ്ക്കുകയാണെന്നും ബാക്കി അന്വേഷണ സംഘം നോക്കിക്കൊള്ളുമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജയസൂര്യക്കെതിരെ നൽകിയത് വല്ല കള്ളക്കേസുമാണെങ്കിൽ, പിന്നെയുള്ളത് ഞങ്ങൾ തീരുമാനിക്കുമെന്നും, ഞങ്ങൾക്ക് ജയേട്ടനാണ് വലുതെന്നുമാണ് മെസേജിലുള്ളത്. നിന്റെ ഫുൾ ഡീറ്റയിൽസ് ഞങ്ങൾക്കറിയാമെന്നും ന്യൂസ് ചാനൽ വഴി അത് പുറത്തുവിടുമെന്നും രണ്ടാമത്തെ മേസേജിൽ പറയുന്നു. നിതിൻ സൂര്യ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് മെസേജ് വന്നിരിക്കുന്നത്. ജയസൂര്യയുടെ ചിത്രമാണ് ഇതിന്റെ പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്.
നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് ആണ് ജയസൂര്യയ്ക്ക് എതിരെ കേസെടുത്തത്. സിനിമ ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി അതിക്രമിച്ചെന്നാണ് ജയസൂര്യക്കെതിരായ പരാതി. ഐപിസി 354, 354എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നടിയുടെ പരാതിയില്‍ ജയസൂര്യക്ക് പുറമേ, 6 പേര്‍ക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്. ഇടവേളബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെ ജാമ്യമില്ലാ വകു പ്പുകള്‍ പ്രകാരമാണ് കേസ്. വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായാണ് ഏഴ്‍ പേര്‍ക്കെതിരെയും കേസെടുത്തത്. നടന്‍മാരായ ജയസൂര്യ, ഇടവേളബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.