വയനാട് ഉൾപൊട്ടലിൽ 3 മക്കളെയും അമ്മയെയും സഹോദരീ പുത്രനെയും നഷ്ടമായ അനീഷിനെ ചേർത്തുപിടിച്ച് ഡിവൈഎഫ്ഐ. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉപജീവന മാർഗമായ ജീപ്പ് വാങ്ങിനൽകി. ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി വികെ സനോജാണ് ഈ വിവരം ഫെയ്സ്ബുക്കിൽ പങ്കിട്ടത്.
വയനാട് ഉൾപൊട്ടലിൽ ചൂരൽ മലയിലെ അനീഷിന് ഉണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണെന്ന് വികെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു. 'കൺമുന്നിൽ വച്ചാണ് മൂന്ന് മക്കളും അമ്മയും സഹോദരീ പുത്രനും മലവെള്ള പാച്ചിലിൽ ഒലിച്ച് പോയത്. അനീഷിനും ഭാര്യ സയനയ്ക്കും ഗുരുതരമായി പരിക്ക് പറ്റി ഇപ്പോഴും ചികിത്സയിലാണ്. അനീഷ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ജീപ്പ് ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. ഉരുൾ പൊട്ടലിൽ ജീപ്പ് പൂർണമായും തകർന്നു പോയി. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഡിവൈഎഫ്ഐയുടെ ചെറിയ സഹായം. നേരത്തേ പ്രഖ്യാപിച്ച ജീപ്പ് ഇന്ന് കൈമാറി'. - അദ്ദേഹം വ്യക്തമാക്കി.
ഉള്ളതെല്ലാം സ്വരുക്കൂട്ടി ഉണ്ടാക്കിയ ജീപ്പായിരുന്നു ഉരുൾപൊട്ടലിൽ വെറും ഇരുമ്പ് കഷ്ണമായി മാറിയത്. ആകെയുള്ള വീടും സമ്പാദ്യവും കുത്തിയൊലിച്ച് എത്തിയ പുഴ കവർന്നു. കഴിഞ്ഞകാലത്തെ മക്കളുമൊത്തുള്ള ഓർമകൾ മാത്രമാണ് അനീഷിനും ഭാര്യക്കും ഇനി ബാക്കിയായുള്ളത്.