വയനാട്ട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ഒന്‍പതുവയസുകാരന്‍ അവ്യക്തിന് ഇത് രണ്ടാം ജന്മം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരുമാസത്തോളം നീണ്ട ചികില്‍സയാണ് അവ്യക്തിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. വയനാട്ടിലുള്ള അമ്മയുടെ അടുത്തേക്ക് പോകുന്ന അവ്യക്തിന് ആരോഗ്യപ്രവര്‍ത്തകര്‍ യാത്രയയപ്പും നല്‍കി
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അവ്യക്ത് മടങ്ങുകയാണ്. ഉരുളെടുത്ത ആ മണ്ണിലേക്ക് തന്നെ. അവ്യക്തിന്റ കുടുംബമൊന്നാകെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. മരക്കഷണങ്ങള്‍ക്കിടയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന്, ശ്വാസകോശത്തില്‍ മണ്ണും ചെളിയും കയറി ഗുരുതരമായ അവസ്ഥയിലാണ് അവ്യക്തിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നത്.
നിവേദ് എന്ന പേരിലാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. നാലുദിവസത്തിനുശേഷം അച്ഛന്റ ബന്ധുക്കളാണ് അവ്യക്തിനെ തിരിച്ചറിഞ്ഞത്. ഒരു മാസത്തെ ചികില്‍സയ്ക്കുശേഷം അമ്മമ്മയ്ക്കൊപ്പമാണ് അവ്യക്ത് സ്വദേശത്തേക്ക് മടങ്ങിയത്.
അച്ഛനേയും അനുജത്തിയേയും മുത്തച്ഛനേയും മുത്തശ്ശിയേയും മരണം കൊണ്ടുപോയെന്ന യാഥാര്‍ഥ്യം അവ്യക്തിനെ ഇനിയും അറിയിച്ചിട്ടില്ല. മുത്തച്ഛന്റ മൃതദേഹം മാത്രമാണ് കിട്ടിയത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിയിലാണ് അവ്യക്തിന്റ അമ്മ ധന്യ. ശേഷിക്കുന്ന ജീവിതയാത്രയില്‍ ഇനി അവ്യക്തിന് അമ്മയും അമ്മയ്ക്ക് അവ്യക്തും മാത്രം.