പിതാവിനോടുള്ള ആദരസൂചകമായി വൈപ്പിന്‍ സ്വദേശി വ്യത്യസ്തമായൊരു മേശ ഒരുക്കി. മഹാത്മാ ഗാന്ധി മുതല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍വരെ, ഇന്ത്യയുടെ വര്‍ത്തമാനകാലത്തെ ആഴത്തില്‍ സ്വാധീനിച്ച പതിമൂന്ന് മഹാരഥന്മാര്‍ ആ മേശയുടെ ഭാഗമാണ്.
വൈപ്പിനിലെ കലാ–സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമായ അനില്‍ പ്ലാവിയന്‍സിന്‍റെ വീട്ടിലെ സ്വീകരണമുറിയില്‍ മഹാത്മഗാന്ധിയും മദര്‍ തെരേസയും പണ്ഡിറ്റ് രവിശങ്കറുമെല്ലാമുണ്ട്. ഒറ്റത്തടിയില്‍ തീര്‍ത്ത ശില്‍പ സൗന്ദര്യമായി.
ഇങ്ങിനെ വ്യത്യസ്തമായൊരു മേശ ഒരുങ്ങിയതിന് പിന്നില്‍ അല്‍പം കുടുംബകാര്യമുണ്ട്. തറവാട്ടു പറമ്പിലെ 100 വര്‍ഷത്തിലധികം പ്രായമുണ്ടായിരുന്ന ആഞ്ഞിലി മരം 13 വര്‍ഷം മുന്‍പ് മുറിച്ചു മാറ്റേണ്ട സാഹചര്യമുണ്ടായി. കുടുംബചരിത്രത്തിന്‍റെ ഭാഗമായ, തലമുറ മാറ്റങ്ങള്‍ സാക്ഷിയായ ആഞ്ഞിലിയെ എക്കാലത്തും ഓര്‍മിക്കും വിധം സൂക്ഷിക്കണമെന്ന് പിതാവ് പ്ലാവിയന്‍സ് ആവശ്യപ്പെട്ടു. അതിനിടെ പിതാവിന്‍റെ മരണം.
ഒടുവില്‍ ചരിത്ര പുരുഷന്മാരുടെ ശില്‍പങ്ങളോടു കൂടിയായ മേശയുണ്ടാക്കാന്‍ അനില്‍ തീരുമാനിച്ചു. പിതാവിനോടുള്ള ആദരവിന്‍റെ അടയാളം കൂടിയായി. 100 ദിവസമെടുത്താണ് മേശ പൂര്‍ത്തിയാക്കിയത്. ഓരോ വ്യക്തിയുടെ മുഖത്തും അവര്‍ ലോകത്തോട് പങ്കുവച്ച സന്ദേശത്തിന്‍റെ ഭാവം നിറഞ്ഞു നില്‍ക്കും വിധമാണ് ശില്‍പങ്ങള്‍.