thrissur-pooram-two

തൃശൂര്‍ പൂരം ഗംഭീരമെന്ന് പറയാന്‍ ദേശക്കാര്‍ പറഞ്ഞിരുന്നത് ഇങ്ങനെ ‘‘ ഇത്തവണത്തെ പൂരം കലക്കിയല്ലേ’’. 2024 പൂരത്തെക്കുറിച്ച് ഇതേദേശക്കാര്‍ പറയുന്നത് പൂരം കലക്കിയെന്ന് തന്നെയാണ്. പക്ഷേ, നല്ല ഉദ്ദേശത്തിലുള്ള കലക്കല്‍ അത്. പൂരത്തിന്റെ പൊലിമ കെടുത്താന്‍ ശ്രമിച്ചുവെന്നതാണ് കലക്കലിന്റെ ഉദ്ദേശ്യം. 2024ലെ തൃശൂര്‍ പൂരത്തിന് സംഭവിച്ചത് എന്താണ്?..

ശാസ്താവ് വന്നത് ബസുകള്‍ക്കിടയിലൂടെ

തൃശൂര്‍ പൂരദിനത്തില്‍ ഏറ്റവും ആദ്യം തട്ടകത്തു നിന്ന് പുറപ്പെടുന്ന കണിമംഗലം ശാസ്താവിന് ഇത്തവണ ഏറെ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നു. കുറുപ്പംറോഡ് വഴി ശാസ്താവിന്റെ എഴുന്നള്ളിപ്പ് വന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ നിറയെ വാഹനങ്ങള്‍. സ്വകാര്യ ബസുകള്‍ നിരനിരയായി നീങ്ങുന്നു. തൃശൂര്‍ പൂരദിനത്തിലെ ഏറ്റവും ആദ്യത്തെ പൊലീസ് വീഴ്ച. സ്വരാജ് റൗണ്ടിലേയ്ക്കുള്ള പതിനാറു വഴികളിലും ഗതാഗതം തടയാറുണ്ട് പതിവായി. രാവിലെ ആറരതൊട്ടെ, വാഹനങ്ങള്‍ കടത്തിവിടാറില്ല. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് വാഹനങ്ങള്‍ക്കിടയിലൂെട ഏറെ പെടാപ്പാട് നേരിട്ട് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തി. തെക്കേഗോപുരം വഴി അകത്തു കടന്നപ്പോഴാണ് അടുത്ത പരീക്ഷണം. ബാരിക്കേഡുകള്‍ നിറഞ്ഞിരിക്കുന്നു. ആനയ്ക്കു നടന്നുപോകാന്‍ പറ്റാത്ത വിധം ബാരിക്കേഡുകള്‍. അവസാനം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം ഇടപ്പെട്ട് പൊലീസിനോട് ബാരിക്കേഡ് നീക്കാന്‍ പറഞ്ഞു.

thrissur-pooram-three

പൂരപറമ്പിലെ ജനം എങ്ങനെ?

പൊതുജനത്തെ പൊലീസ് രണ്ടായി തരംതിരിക്കാറുണ്ട്. പാസീവ് ക്രൗഡ്, ആക്ടീവ് ക്രൗഡ്. പൂരപറമ്പിലും ഉല്‍സവ പറമ്പിലും കാണുന്ന ജനക്കൂട്ടം പാസീവ് ക്രൗഡ് ആണ്. ജനത്തിന്റെ ഒഴുക്കിന് ഒരു താളമുണ്ട്. പൊലീസ് സാന്നിധ്യമുണ്ടായാല്‍ മതി. അനുസരണയോടെ ജനം പോകും. സമരങ്ങളില്‍ കാണുന്ന ജനക്കൂട്ടമാണ് ആക്ടീവ് ക്രൗഡ്. പൂരപറമ്പിലേത് ഇത്തരത്തിലുള്ള ജനക്കൂട്ടമാണെന്ന് കരുതിയാല്‍ തെറ്റി. നിര്‍ഭാഗ്യവശാല്‍ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് അങ്ങനെയൊരു സമീപനം പൊലീസ് ഉദ്യോഗസ്ഥരില്‍ കണ്ടു. അതിനൊരു കാരണമുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ അനുഭവ സമ്പത്തില്ലായ്മ. മുന്‍പരിചയമില്ലെങ്കില്‍ വഴികാട്ടാന്‍ മികച്ച ഉദ്യോഗസ്ഥരെ സാധാരണ കമ്മിഷണര്‍മാര്‍ കണ്ടെത്താറുണ്ട്. പ്രധാനമായും സ്പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പിമാരാണ് അതിനു സഹായം ഉണ്ടാകാറുള്ളത്. തൃശൂര്‍ പൂരത്തെ നെഞ്ചിലേറ്റുന്ന അത്തരം  ഉദ്യോഗസ്ഥര്‍ കമ്മിഷണര്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.

thrissur-pooram

വിജ്ഞാപനം തടസം, മന്ത്രിമാര്‍ക്ക് പരിധി

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നിലനിന്നിരുന്നതിനാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് പൂരം സംഘാടക യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ലായിരുന്നു. കലക്ടറും കമ്മിഷണറും നേതൃത്വം നല്‍കിയ യോഗങ്ങളില്‍ ഉദ്യോഗസ്ഥ സ്വരം കാര്‍ക്കശ്യത്തിന്റേതായിരുന്നു. തൃശൂര്‍ പൂരത്തിന്റെ സംഘാടകരോടുള്ള നിര്‍ദ്ദേങ്ങള്‍ക്ക് കനംകൂടുതലായിരുന്നു. തൃശൂരിലെ മന്ത്രിമാര്‍ പങ്കെടുക്കില്ലെന്നും കാര്യങ്ങള്‍ ഇക്കുറി ഞങ്ങള്‍ തീരുമാനിക്കുമെന്ന് കമ്മിഷണര്‍ പരസ്യമായി മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു. തെക്കേഗോപുരനടയിലെ മാധ്യമങ്ങളുടെ സ്ഥിരയിടം മാറ്റാന്‍ കമ്മിഷണര്‍ ശ്രമിച്ചു. ദേവസ്വം ഭാരവാഹികളേയും മാധ്യമപ്രവര്‍ത്തകരേയും ശത്രുപക്ഷത്തു നിര്‍ത്തിയുള്ള കമ്മിഷണറുടെ സമീപനം വിമര്‍ശനങ്ങള്‍ തുടക്കത്തിലേ സൃഷ്ടിച്ചു.

നീറി നീറി നിന്നു, അവസാനം പൊട്ടി

പൂരപറമ്പില്‍ പൊലീസുമായുള്ള പ്രശ്നങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം കാരണം പൂരം നടത്തിപ്പ് പൂര്‍ണമായും ഉദ്യോഗസ്ഥരുടെ കൈകളില്‍ വന്നതോടെ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടര്‍ന്നു. വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എണ്ണ കൊണ്ടുപോയ ദേവസ്വം ജീവനക്കാരെ വരെ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ആനയ്ക്കു പട്ട നല്‍കാന്‍ പോയവരേയും തടഞ്ഞു. ഇതെല്ലാം വലിയതോതില്‍ ദേശക്കാരെ സങ്കടത്തിലാക്കിയിരുന്നു. കുടമാറ്റം കഴിഞ്ഞപ്പോള്‍ ദേവസ്വം ഭാരവാഹികള്‍ ചിലര്‍ കമ്മിഷണറെ അഭിനന്ദിച്ചിരുന്നു. ഈ അഭിനന്ദനം പൂച്ചെണ്ടാക്കി രാത്രിയില്‍ പൊലീസ് കൂടുതല്‍ കര്‍ക്കശക്കാരായി. നിയന്ത്രിക്കേണ്ട കമ്മിഷണറാകട്ടെ ഇടപ്പെട്ടതുമില്ല. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് ബാരിക്കേഡ് കെട്ടി ഒരാനയ്ക്കു പോകാന്‍ മാത്രം നിയന്ത്രിച്ചതോടെ തര്‍ക്കമായി. സ്വരാജ് റൗണ്ടില്‍ പൂരം നടത്തിപ്പില്‍ അനുഭവ പരിചയമുള്ളവരെ ഉദ്യോഗസ്ഥര്‍ ഇല്ലാതെ വന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. തിരുവമ്പാടിക്കാര്‍ പൂരത്തില്‍ നിന്ന് പിന്‍മാറി. പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് സുഗമമായി പോകാന്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈ.എസ്.പി.: കെ.ജി.സുരേഷ് പ്രത്യേകം ശ്രദ്ധിച്ചു. അവിടെ, എതിര്‍പ്പുകളുമുണ്ടായില്ല. രാത്രിയില്‍ പന്തലിലെ വെളിച്ചം ഓഫ് ചെയ്ത്. െവടിക്കെട്ടില്ലെന്ന് പ്രഖ്യാപിച്ചതോെട തിരുവമ്പാടിക്കാരെ അനുനയിപ്പിക്കാന്‍ കലക്ടര്‍ എത്തി. പിന്നീട്, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തി. വെളുപ്പിന് അഞ്ചു മണിയോടെ ചര്‍ച്ചകള്‍ തീര്‍ന്ന് വെടിക്കെട്ട് നടത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചു.