ഒന്‍പതുവര്‍ഷം മാത്രം നീണ്ട സര്‍വീസ് കാലയളവില്‍ വിവാദങ്ങള്‍ എസ്.പി. സുജിത് ദാസിന് കുടപ്പിറപ്പാണ്. താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി എന്ന യുവാവിന്റെ മരണമായിരുന്നു മലപ്പുറംകാലത്ത് സുജിത്ദാസ് നേരിട്ട എറ്റവും വലിയ വെല്ലുവിളി. വിഷയം പ്രതിപക്ഷം നിയമസഭ വരെ എത്തിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ ഡാന്‍സാഫ് സംഘത്തിലെ 4 പൊലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഇതിന് പിന്നാലെയായിരുന്നു മലപ്പുറത്തുനിന്ന് പത്തനംതിട്ടയ്ക്കുള്ള മാറ്റം. 

പത്തനംതിട്ടയില്‍ ഒന്നുറച്ചിരിക്കും മുന്‍പേ മലപ്പുറം വീണ്ടും വേട്ടയാടിത്തുടങ്ങി. മലപ്പുറം പൊലീസ് ക്യാംപ് ഓഫീസിലെ മരംമുറിയാണ് വിവാദമായത്. പി.വി.അന്‍വര്‍ എംഎല്‍എ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. പി.വി അന്‍വറിനെ സ്വാധീനിക്കാന്‍ നടന്ന ശ്രമം പക്ഷേ പാളി. സുജിത് ദാസിന്‍റെ  ഫോണ്‍ സംഭാഷണം അന്‍വര്‍ തന്നെ പുറത്തുവിട്ടതോടെ കസേര ഇളകി. വിവാദം കൊഴുത്തതോടെ മുന്‍ആക്ഷേപങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. മലപ്പുറം എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യയ്ക്ക് പ്രേരണയും വ്യാജ-പുരാവസ്തു വിൽപനക്കാരന്‍ മോൺസൺ മാവുങ്കലുമായുള്ള ബന്ധവും ഇതില്‍ ചിലതുമാത്രം. എറ്റവും ഒടുവില്‍ പരാതിയുമായെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആക്ഷേപവും. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സുജിത് ദാസ്.

കോട്ടയം മുട്ടമ്പലത്തെ സർക്കാർ യു.പി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ, സമീപത്തെ കലക്ടര്‍ ബംഗ്ലാവിലേക്ക് പോകുന്ന ജില്ലാ കലക്ടറുടെ വാഹനത്തോട് തോന്നിയ ആരാധനയാണ് സുജിത് ദാസിന്റെയുള്ളില്‍ സിവില്‍ സര്‍വീസ് മോഹത്തിന് തിരികൊളുത്തിയത്. കോട്ടയം കഞ്ഞിക്കുഴിക്കടുത്തുള്ള മടുക്കാനിയിലെ വാടക വീട്ടിൽ താമസിച്ചാണ് അങ്കണവാടി അധ്യാപികയുടെ മകന്‍ ആ ആഗ്രഹം നേടിയെടുത്തത്. മെക്കാനിക്കൽ എന്‍ജിനീയറിംഗിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം സ്വകാര്യ കമ്പനികളിൽ ജോലി. പിന്നീട് സെൻട്രൽ എക്‌സൈസിൽ ഇൻസ്‌പെക്‌ടറായി. തുടർന്ന് ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

ബെംഗളൂരുവിൽ കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിൽ ഇൻസ്‌പെക്‌ടറായിരിക്കെയാണ് 2015ല്‍ ഇന്ത്യന്‍ പൊലീസ് സർവീസില്‍ എത്തുന്നത്. 679ാം റാങ്ക് സ്വന്തമാക്കിയാണ് അന്നത്തെ ഇരുപത്തേഴുകാരന്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 2017 ൽ പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഓഫിസറായി പരിശീലനം ആരംഭിച്ച സുജിത് ദാസ് എറണാകുളം റൂറൽ, നർക്കോട്ടിക് സെൽ, അഗളി, നെടുമങ്ങാട് എന്നിവിടങ്ങളില്‍ എഎസ്പിയായി പ്രവർത്തിച്ചു. 2018ല്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി. അവിടെ നിന്ന് പാലക്കാട് എസ്.പിയുടെ കസേരയില്‍. 2021ല്‍ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരത്തിനും സുജിത് അർഹനായി. അതേവര്‍ഷം മലപ്പുറത്ത് ജില്ല പൊലീസ് മേധാവിയായി എത്തി. അതോടെയാണ് വിവാദങ്ങള്‍ക്കും തുടക്കമായത്. 

കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തുന്നവരെ തുടര്‍ച്ചയായി പിടികൂടി മലപ്പുറത്ത് ചലനം സൃഷ്ടിച്ചാണ് തുടക്കം. കസ്റ്റംസില്‍ പ്രവര്‍ത്തിച്ചുള്ള പരിചയത്തിന്റെ ബലത്തിലാണ് ഈ ഓപ്പറേഷനുകള്‍ വിജയകരമായി നടത്തിയതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പി.വി.അന്‍വര്‍ തുറന്നുവിട്ട ആരോപണഭൂതം ഈ പരിവേഷമെല്ലാം തകര്‍ത്തു. മരംമുറിക്കപ്പുറം അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് അടിത്തറയുണ്ടോയെന്ന് അറിയാനിരിക്കുന്നതേയുള്ളു. പക്ഷേ ഒറ്റ ഫോണ്‍ കോളില്‍ കരിയറില്‍ വലിയ കളങ്കം ചോദിച്ചുവാങ്ങിയിരിക്കുകയാണ് യുവ ഐപിഎസ് ഓഫിസര്‍. ഇനിയെന്ത് എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കോടതി കയറേണ്ടിവന്നാല്‍ ഭാവി ചോദ്യചിഹ്നമായി മാറുകയും ചെയ്യാം.

ENGLISH SUMMARY:

Sujithdas Civil Service life