70 വർഷം മുമ്പ് ഉറൂബിന്‍റെ തൂലികയില്‍ പിറന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട നോവല്‍ ഉമ്മാച്ചു നാടകമായി അരങ്ങിലെത്തി. കെപിഎസിസിയാണ് തങ്ങളുടെ പ്ലാറ്റിനം ജൂബിലി വർഷത്തില്‍ 67 ആം നാടകമായി ഉമ്മാച്ചുവിനെ വേദിയിലെത്തിച്ചത്. വായനയിലൂടെ മാത്രം അറിഞ്ഞ് സ്നേഹിച്ച ഉമ്മാച്ചുവിനെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഏറ്റെടുത്തത്.
വെളിച്ചം വിരലുകള്‍ പോലെ ഇറങ്ങിവന്ന വേദിയില്‍ മായനെ സ്നേഹിച്ച് വീരാനെ വിവാഹം കഴിക്കേണ്ടി വന്ന ഉമ്മാച്ചുവിന്‍റെ ജീവിതം.മലയാളികള്‍ ആവർത്തിച്ച് വായിച്ച് അറിഞ്ഞ കഥാപാത്രങ്ങള്‍ ജീവനോടെ വേദിയില്‍ തങ്ങളുടെ വേഷമാടുന്നു.ജീവിതത്തില്‍ നിന്നും സ്നേഹത്തില്‍ നിന്നും ഒളിച്ചോടിയ മായന്‍, വിധിയ്ക്ക് സ്വയം മെരുങ്ങിയ വീരാന്‍, ഉള്ളില്‍ അടങ്ങാത്ത സ്നേഹത്തിന്‍റെ തീയുമായി ജീവിച്ച ഉമ്മാച്ചു..സദസ് ..കണ്ണ് കലങ്ങി ഉള്ള് നിറഞ്ഞ് പ്രിയ കഥാപാത്രങ്ങളെ കണ്ടിരുന്നു.
നോവലില്‍ ഉറൂബ് രണ്ടു കാലങ്ങളുടെ കഥ പറഞ്ഞപ്പോള്‍ കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ അരങ്ങിനുവേണ്ടി കാലികമായി വാർത്തെടുത്തു സുരേഷ്ബാബു ശ്രീസ്ഥ. മനോജാ നാരായണനാണ് സംവിധാനം.കെപിഎസ്സിയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിലാണ് ഉമ്മാച്ചുവിനെ പോലെ ജീവസുറ്റ നോവല്‍ അരങ്ങിലെത്തിച്ചത്.ഷിനില്‍ വടകര, അനിത ഷെല്‍വി, കലേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് ഗാനങ്ങള്‍ .