ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യക്കായി ഉരലില്‍ നെല്ലുകുത്തി അരിയാക്കുന്നു. ആറന്‍മുള ചോതി അളവിലെ നെല്ലാണ് അരിയായി മാറുന്നത്. തിരുവോണ ദിവസം പുലര്‍ച്ചെ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്രക്കടവില്‍ അടുക്കും.
ആറന്‍മുള ചോതി അളവില്‍ കിട്ടുന്ന നാല്‍പത്തിയാറു പറ നെല്ലാണ് ഉരലില്‍ കുത്തി അരിയാക്കുന്നത്. നെല്ല് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ച് 18 നായര്‍ കുടുംബങ്ങളും വീതിച്ചെടുത്താണ് നെല്ലു കുത്ത്. കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ചുകൂടി തങ്ങളുടെ വിഹിതം ഉരലില്‍ കുത്തി, അരി പാറ്റിക്കൊഴിച്ച് തയാറാക്കും. ഉത്രാട നാളില്‍ സന്ധ്യക്കാണ് വിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂര്‍ക്കടവില്‍ നിന്ന് പുറപ്പെടുന്നത്.
ആറന്‍മുള ക്ഷേത്രത്തില്‍ വിഭവങ്ങള്‍ എത്തിച്ചിരുന്നത് കാട്ടൂരില്‍ താമസിച്ചിരുന്ന മങ്ങാട്ട് ഭട്ടത്തിരി ആയിരുന്നു. പിന്‍മുറക്കാര്‍ കോട്ടയത്തേക്ക് മാറിയെങ്കിലും ഉത്രാട നാളില്‍ കാട്ടൂരെത്തി അരിയേറ്റുവാങ്ങും. തിരുവോണത്തോണി കൊള്ളയടിക്കപ്പെട്ട കാലത്താണ് കാവലിനായി പള്ളിയോടങ്ങള്‍ നിര്‍മിച്ചത്. 52 കരകള്‍ക്കും പള്ളിയോടങ്ങളായതും ഉതൃട്ടാതി വള്ളംകളി വന്നതിന്‍റെയുമെല്ലാം കാരണം തിരുവോണത്തോണിയുടെ വിഭവങ്ങളുമായുള്ള യാത്രയാണ്.