mammootty-on-jenson

പ്രാര്‍ഥനകളും ചികില്‍സയും ഒന്നു ചേര്‍ന്നിട്ടും ജെന്‍സന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയതില്‍ ദുഃഖം പങ്കിട്ട് മമ്മൂട്ടി. ജെന്‍സന്‍റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്‍റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. 

കാലാവസാനത്തോളം ഓര്‍മിക്കപ്പെടുമെന്ന് ജെന്‍സന്‍റെ ചിത്രം പങ്കുവച്ച് ഫഹദ് ഫാസിലും സമൂഹമാധ്യമക്കുറിപ്പ് പങ്കുവച്ചിരുന്നു. 

എന്തുപകരം നല്‍കിയാലും മതിയാകാത്ത നഷ്ടമാണ് ശ്രുതിക്കുണ്ടായതെന്നും നാട് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  അനുശോചന സന്ദേശത്തില്‍ കുറിച്ചു. ശ്രുതിയുടെയും ജെൻസന്‍റെയും  കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെ ജെന്‍സനെ അവസാനമായി കാണാന്‍ ശ്രുതി എത്തിയിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലാണ് ശ്രുതി. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിതത്തിലേക്കുള്ള പ്രതീക്ഷയായിരുന്നു പ്രതിശ്രുതവരനായ ജെന്‍സന്‍. ഒരു ദുരന്തത്തിനും ഇനി ശ്രുതിയെ വിട്ടുകൊടുക്കില്ലെന്ന് വാക്കു നല്‍കിയ ജെന്‍സനും അപ്രതീക്ഷിതമായി വിട പറഞ്ഞതോടെ പകച്ച് നില്‍ക്കുകയാണ് ശ്രുതി. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നാട്ടുകാരും ബന്ധുക്കളും. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഈ സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് വിധി വില്ലനായെത്തിയത്. മുണ്ടക്കൈയിലെ മഹാദുരന്തത്തില്‍  മഹാദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പതുപേരെയാണ് നഷ്ടമായത്.

അമ്പലവയല്‍ സ്വദേശിയായ ജെന്‍സനെ ഇന്ന് വൈകുന്നേരത്തോടെയാകും സംസ്കരിക്കുക. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആണ്ടൂരിലെ വീട്ടിലും ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളാരംകുന്നിലുണ്ടായ റോഡ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും ആന്തരിക രക്തസ്രാവവുമാണ് ജെന്‍സന്‍റെ മരണത്തിന് കാരണമായത്.

ENGLISH SUMMARY:

'Can't image her pain'.. Mammootty on Jenson's death in social media.