കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ ജയിച്ച ഏക ബി.ജെ.പി എം.എല്‍.എയും ബി.ജെ.പി സ്ഥാപക നേതാവുമായ ഒ. രാജഗോപാലിന് ഇന്ന് തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍.
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ,റയില്‍വേ സഹമന്ത്രിയായിരുന്ന രാജഗോപാല്‍ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഇന്നും സക്രിയസാന്നിധ്യം. ചിങ്ങമാസത്തിലെ തിരുവോണവും ജനനത്തീയതിയായ സെപ്റ്റംബര്‍ 15ഉം ഒരേദിവസം വന്നുഎന്ന പ്രത്യേകതയും ഇത്തവണത്തെ പിറന്നാള്‍ ദിനത്തിനുണ്ട്.
അച്ചടക്കവും ചിട്ടയും ജീവിതചര്യയാക്കിയ ഒ. രാജഗോപാലിന് മുന്നില്‍ പ്രായം മാറില്‍ക്കുന്നു. മാറ്റത്തിന്റെ ഉപഞ്ജാതാക്കള്‍ എന്ന പ്രമേയം ചര്‍ച്ചചെയ്ത മനോരമന്യൂസ് കോണ്‍ക്ലേവില്‍ ഒ.രാജഗോപാല്‍ എത്തിയത് കേന്ദ്രമന്ത്രിസഭയിലെ തന്റെ മുന്‍സഹപ്രവര്‍ത്തകന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ അഭിവാദ്യം ചെയ്യാന്‍ കൂടിയായിരുന്നു. 1929 സെപ്റ്റംബർ 15- ന് ചിങ്ങ മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് രാജഗോപാലിന്റെ ജനനം.
ചിങ്ങത്തിലെ തിരുവോണവും സെപ്റ്റംബര്‍ 15 ഒന്നിക്കുകയാണ് ഈ 95–ാം പിറന്നാള്‍ദിനത്തില്‍. ദീൻദയാൽ ഉപാധ്യായയുടെ ഏകാത്മാ മാനവദർശനത്തില്‍ ആകൃഷ്ടനായാണ് അഭിഭാഷക വൃത്തി ഉപേക്ഷിച്ച് 1962-ൽ ജനസംഘത്തിലെത്തിയത്. 1977-ൽ ജനസംഘം പിരിച്ച് വിട്ട് ജനതാ പാർട്ടിയായപ്പോഴും 1980-ൽ ഭാരതീയ ജനതാ പാർട്ടിയായപ്പൊഴും രാജഗോപാല്‍ പ്രത്യശാസ്ത്രം വിട്ടില്ല.
1980 മുതൽ 1985 വരെ കേരള ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു.1992 മുതൽ 2004 വരെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം. 1999 മുതല്‍ 2004വരെ മൂന്നാം വാജ്പേയി മന്ത്രിസഭയില്‍ സഹമന്ത്രി. അതിനുമുമ്പുതന്നെ കേരളത്തിലെ ബി.ജെ.പിയുടെ മുഖമായിമാറി. 2016ലെ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയില്‍ ആദ്യമായി ബിജെപിയുടെ അക്കൗണ്ട് തുറന്നു.
അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസം ഉള്‍പ്പടെ രാഷ്ട്രീയ ജീവിത്തില്‍ അനുഭവങ്ങളുടെ കടലാണ് ഉള്ളില്‍. നടുങ്ങിപ്പോയ ഓര്‍മ 2001 ഡിസംബര്‍ 13 പാര്‍ലമെന്റ് ആക്രമണം. പാര്‍ലമെന്ററികാര്യ സഹമന്ത്രിയായിരുന്ന രാജഗോപാല്‍ രാജ്യസഭയിലായിരുന്നു ആ സമയത്ത്.
അധികാരത്തിനും പദവിക്കും വേണ്ടി സ്വയം എത്രവേണമെങ്കിലും വില്‍ക്കാനോ മറുകണ്ടംചാടാനോ കാലുപിടിക്കാനോ പോലും മടിയില്ലാത്തവരുള്ള രാജ്യത്ത് ഒരപവാദമാണ് രാജഗോപാല്‍. ഒരുപഞ്ചായത്ത് അംഗപോലും ആകാന്‍ സാധ്യതയില്ലാത്ത കാലത്ത് കൈപിടിച്ച പ്രത്യയശാസ്ത്രം ഒരുസാഹചര്യത്തിലും അദ്ദേഹം കൈവിട്ടില്ല.
എത്രയോ തിരഞ്ഞെടുപ്പ് തോല്‍വികള്‍,പരിഹാസങ്ങള്‍, കുത്തുവാക്കുകള്‍. ഒന്നും അക്കരപ്പച്ചയില്‍ കണ്ണെറിയാന്‍ പ്രേരിപ്പിച്ചില്ല. അചഞ്ജലമാണ് അദ്ദേഹത്തിന്റെ ജീവിതപ്രമാണങ്ങള്‍. അതുകൊണ്ടുതന്നെ കടുത്ത രാഷ്ട്രീയ എതിരാളികള്‍ക്കുപോലും രാജേട്ടനാണ്, ഒ. രാജഗോപാല്‍. നേരുന്നു പിറന്നാളാശംകള്‍.