മകൾ മരിച്ചത് ജോലിഭാരം കാരണമാണെന്നും മകളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കമ്പനിയിൽ നിന്നും ഒരു ജീവനക്കാരൻ പോലും എത്തിയില്ലെന്ന് പ്രതികരിച്ച് മാതാവ്. ജൂലായ് 24നാണ് ഏൺസ്റ്റ് ആൻഡ് യംഗ് ഇൻഡ്യ (ഇ.വൈ) എന്ന കമ്പനിയിലെ ചാറ്റേർഡ് അക്കൗണ്ടന്റായ കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍ പേരയിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുപത്തിയാറുകാരിയുടെ മരണകാരണം ജോലിഭാരമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ഇ.വൈ കമ്പനിയുടെ ചെയർമാന്‍ രാജീവ് മേമനിക്ക് എഴുതിയ ഹൃദയഭേദകമായ കത്ത് സമൂഹമാധ്യമത്തില്‍ ചർച്ചയാകുകയാണ്.
'മകളുടെ മരണം താങ്ങാവുന്നതിലുമപ്പുറമാണ്. ഇനി ഒരു രക്ഷിതാവിനും ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാതിരിക്കണമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതുന്നത്.
കഴിഞ്ഞ വർഷം നവംബർ 23നാണ് മകൾ ചാറ്റേർഡ് അക്കൗണ്ടൻസി പരീക്ഷ പാസായത്. മാർച്ച് 19ന് പൂനെയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള കുട്ടിയായിരുന്നു അന്ന. ഇ.വൈയിലേത് അവളുടെ ആദ്യത്തെ ജോലിയാണ്. ഇന്ത്യയിലെ തന്നെ വലിയ ഒരു കമ്പനിയുടെ ഭാഗമായതിൽ അവൾ സന്തോഷിച്ചിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച് നാല് മാസം കഴിഞ്ഞതോടെ അന്നയുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ജൂലായ് 24ന് അവൾ മരിച്ചെന്ന വാർത്തയാണ് ഞങ്ങൾ കേട്ടത്. വെറും 26 വയസായിരുന്നു അവള്‍ക്ക്.
കുട്ടിക്കാലം മുതലേ ഒരു പോരാളിയായിരുന്നു അവള്‍. സ്കൂളിലും കോളേജിലും ഉയര്‍ന്ന മാര്‍ക്കു വാങ്ങി. സി.എയ്ക്ക് ഡിസ്റ്റിങ്ഷനുണ്ടായിരുന്നു. ഇ.വൈക്കു വേണ്ടി രാപകലില്ലാതെ അവള്‍ പണിയെടുത്തു. വിശ്രമമില്ലാതെയുള്ള ജോലി അവളെ ശാരീരികമായും വൈകാരികമായും മാനസികമായും തളര്‍ത്തി. ഉറക്കംപോലുമില്ലായിരുന്നു. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് പറഞ്ഞ് അവള്‍ പിന്നെയും ജോലിയില്‍ തുടര്‍ന്നു.
ജൂലൈ ആറിന് അന്നയുടെ സി.എ കോണ്‍വൊക്കേഷനായി ഞാനും ഭര്‍ത്താവും പൂനെയിലെത്തി. അതിനു മുന്‍പൊരു ദിവസം നെഞ്ചുവേദന കാരണം താമസസ്ഥലത്തേക്ക് അന്ന വൈകി വന്നിരുന്നു. അതുകൊണ്ട് അവളെ ആശുപത്രിയില്‍ കാണിച്ചു. ഇ.സി.ജി നോര്‍മലായിരുന്നു. ഉറക്കക്കുറവും ഭക്ഷണക്രമം ശരിയല്ലാത്തതുമാണ് പ്രശ്നമെന്ന് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞു. മരുന്ന് കുറിച്ചുതന്നു.
ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് പൂനെയിലെത്തിയിട്ടും അന്നയ്ക്ക് ഞങ്ങള്‍ക്കൊപ്പം സമയം ചിലവിടാനായില്ല. ഡോക്ടറെ കണ്ടപാടെ അവള്‍ ഓഫീസില്‍ ജോലിത്തിരക്കാണ് ലീവ് ഇല്ല എന്ന് പറഞ്ഞുപോയി. അന്ന് രാത്രിയും അന്ന വൈകിയാണ് വന്നത്. ജൂലൈ ഏഴിന്, ഞായറാഴ്ചയായിരുന്നു കോണ്‍വൊക്കേഷന്‍. അന്നും അവള്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടായിരുന്നു. കോണ്‍വൊക്കേഷന്‍ ചടങ്ങിലേക്ക് എത്താന്‍ അതുകൊണ്ട് വൈകി.
അവള്‍ ജോലി ചെയ്തുണ്ടാക്കിയ പണംകൊണ്ട് ഞങ്ങളെ കോണ്‍വൊക്കേഷന് കൊണ്ടുപോകണമെന്നത് അവളുടെ വലിയ സ്വപ്നമായിരുന്നു. വിമാനടിക്കറ്റ് ബുക്ക് ചെയ്താണ് ഞങ്ങളെ കൊണ്ടുപോയത്. ആ രണ്ടുദിനങ്ങള്‍ മകള്‍ക്കൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളാണെന്ന് ഓര്‍ക്കുമ്പോള്‍ നെഞ്ചുവിങ്ങുന്നു. ജോലിഭാരം കാരണം അന്നും അവള്‍ക്ക് ഞങ്ങളോടൊപ്പം സ്വസ്തമായിരിക്കാനായില്ല. അന്ന കമ്പനിയില്‍ ജോലിക്ക് കയറിയപ്പോള്‍ തന്നെ പലരും ജോലിഭാരം കാരണം ഇവിടംവിട്ടു പോകാറുണ്ട്, അന്ന ആ പേരുദോഷം മാറ്റണം എന്നാണ് മാനേജര്‍ അവളോട് പറഞ്ഞത്. അതിന് എന്‍റെ മകള്‍ക്ക് നഷ്ടമായത് അവളുടെ ജീവനാണ്.’
ഹൃദയഭേദകമായ ഈ കത്ത് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മകള്‍ ജോലി കഴിഞ്ഞ് വന്ന് വസ്ത്രം പോലും മാറാതെ കട്ടിലേക്ക് കിടക്കുന്നതും അതിനിടയിലും റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ഓഫീസില്‍ നിന്ന് വിളിവരുന്നതും പതിവായിരുന്നുവെന്നും അനുത കത്തില്‍ പറയുന്നുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ സമയം അനുസരിച്ചാണ് മാനേജർ മീറ്റിങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. മാസവസാനം ജോലിഭാരം മുഴുവന്‍ അന്നയ്ക്ക് ഏല്‍ക്കേണ്ടി വന്നു. ആദ്യജോലിയായതിനാൽ അന്ന പരാതിപ്പെട്ടില്ല. അവള്‍ ആരേയും കുറ്റം പറഞ്ഞതുമില്ല.
സ്വന്തം ആരോഗ്യമാണ് വലുതെന്ന് അവളെ ഞാന്‍ ചേര്‍ത്തുനിര്‍ത്തേണ്ടിയിരുന്നു, പക്ഷേ വൈകിപ്പോയി. എന്‍റെ ഈ കത്തിലൂടെ മറ്റൊരു കുടുംബത്തിന് ഈ അവസ്ഥ ഉണ്ടാകരുതെന്ന ആഗ്രഹമാണ് ഞാന്‍ പങ്കുവയ്ക്കുന്നത് എന്നും കത്തില്‍ അനിത കൂട്ടിച്ചേര്‍ത്തു. അന്നയുടെ മരണം നികത്താനാകാത്ത നഷ്ടമാണ്. ജീവനക്കാര്‍ക്ക് ആരോഗ്യകരമായ ജോലിസ്ഥലം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് തുടരും എന്ന വിശദീകരണമാണ് കമ്പനി നല്‍കിയിട്ടുള്ളത്.