പാര്‍ട്ടിക്കുള്ളിലും പുറത്തും പോരാട്ടത്തിന്‍റെ മറുപേരായിരുന്നു എം.എം. ലോറന്‍സ്. ആ പോരാട്ടം സ്കൂള്‍ കാലത്ത് തുടങ്ങിയതാണ്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ത്രിവര്‍ണ പതാക കുത്തി കുഞ്ഞു ലോറന്‍സ് സ്കൂളിലെത്തി. ഫലമോ.. സെന്‍റ് ആല്‍ബര്‍ട്സ് സ്കൂളില്‍ നിന്ന് പുറത്തായി. എറണാകുളത്തെ മുനവിറുൽ ഇസ്ലാം സ്കൂളിലാണ് പിന്നീടുള്ള പഠനം തുടര്‍ന്നത്. പത്താംക്ലാസ് കഴിഞ്ഞതോടെ ഔപചാരിക വിദ്യാഭ്യാസത്തിന് ലോറന്‍സ് സലാം പറഞ്ഞു. രാഷ്ട്രീയത്തില്‍ സജീവമായി. 1946 ആയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗവുമായി. 

SFI മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു (ഫയല്‍ ചിത്രം)

1950 ഫെബ്രുവരിയില്‍ ലോറന്‍സ്  എറണാകുളം ടൗൺ കമ്മിറ്റി സെക്രട്ടറിയായിരിക്കുന്ന സമയം.. അഖിലേന്ത്യാ റെയിൽവേ പണിമുടക്ക് സംഘടിപ്പിക്കാനുള്ള യോഗം മുതിർന്ന നേതാവ് കെ.സി മാത്യു വിളിച്ചു കൂട്ടി. യോഗത്തിൽ  പങ്കെടുക്കാൻ ചെന്നപ്പോഴാണ് രണ്ട് സഖാക്കളെ പൊലീസ് അറസ്‌റ്റുചെയ്‌ത കാര്യം ലോറന്‍സ് അറിഞ്ഞത്. തടവിലുള്ള സഖാക്കളെ മോചിപ്പിക്കുന്നതിനായി ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമിക്കാന്‍ യോഗം തീരുമാനിച്ചു. രണ്ട് വാക്കത്തികളും വടിയും പടക്കങ്ങളുമായിരുന്നു പ്രവര്‍ത്തകരുടെ കൈയിലുണ്ടായിരുന്നത്. 

രാത്രി രണ്ടു മണിക്ക് സ്റ്റേഷൻ ആക്രമിക്കാന്‍ നിശ്ചയിച്ചു. 17 അംഗ സംഘത്തില്‍ ഏറ്റവും പിന്നിലായി ലോറന്‍സ് നടന്നു. സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ സംഘം പൊലീസുകാരെ ആക്രമിച്ചു. ലോക്കപ്പിന്‍റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് പൊലീസുകാര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഒളിവില്‍ പോയെങ്കിലും ലോറന്‍സും കൂട്ടാളികളും അറസ്റ്റിലായി. കാളയെ കെട്ടുന്ന കയർ കൊണ്ട് കെ സി മാത്യുവിനേയും ലോറൻസിനേയും ബന്ധിച്ച് നൂറുകണക്കിന് ജനങ്ങളുടെ മുന്നിലൂടെ നടത്തിച്ചാണ് സബ്ജയിലിലേക്ക് കൊണ്ടുപോയത്. കൊടിയ മര്‍ദനമാണ് ലോറന്‍സും കൂട്ടാളികളും അനുഭവിച്ചത്. രണ്ട് വര്‍ഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ ലോറന്‍സ് 1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ച് അറസ്‌റ്റ് ചെയ്യപ്പെട്ടും അടിയന്തിരാവസ്‌ഥക്കാലത്ത് മിസാ തടവുകാരനായും മറ്റും ആറു വർഷത്തിലേറെ വിവിധ ജയിലുകളിലും കഴിഞ്ഞു.

പോരാട്ടം പാര്‍ട്ടിക്കുള്ളിലും

പ്രവര്‍ത്തകര്‍ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ മാത്രം പറയണമെന്ന ചട്ടമൊന്നും ലോറന്‍സ് വകവച്ചില്ല. ചിലപ്പോള്‍ പാര്‍ട്ടിക്കകത്തും മറ്റു ചിലപ്പോള്‍ പുറത്തിറങ്ങിയും അഭിപ്രായപ്രകടനം നടത്തി. പലവട്ടം തിരിച്ചടി നേരിട്ടിട്ടും ലോറന്‍സ് ശൈലി മാറ്റിയില്ല. സേവ് സിപിഎം ഫോറം അന്വേഷണ റിപ്പോർട്ടിനെ തുടര്‍ന്ന്  പാർട്ടി നടപടി നേരിട്ടു. ലോറന്‍സിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചപ്പോള്‍ കേന്ദ്ര കമ്മിറ്റിയംഗത്വത്തില്‍ നിന്നും  ജില്ലാ കമ്മിറ്റിയംഗത്വത്തിലേക്ക് ലോറന്‍സ് താഴ്ത്തപ്പെടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ എത്തിയത് ഏരിയ കമ്മിറ്റിയിലേക്ക്. പരിഭവങ്ങളേതുമില്ലാതെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ലോറന്‍സ് തുടര്‍ന്നു. രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് കരുതിയവരെ അമ്പരപ്പിച്ച്  സംസ്ഥാന കമ്മിറ്റിയിലേക്കും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ലോറൻസ് എത്തി. പാര്‍ട്ടിക്കൂറ് പുലര്‍ത്തുന്നതിനൊപ്പം തെറ്റെന്ന് തോന്നിയതിനെ പൊതുജനമധ്യത്തില്‍  പറയുന്നതിന് 90–ാം വയസിലും ലോറന്‍സ് മടിച്ചില്ല. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ളവയിലൂടെ ലോറന്‍സ് തന്‍റെ അഭിപ്രായം പറഞ്ഞു. പലപ്പോഴും പാര്‍ട്ടി പ്രതിസന്ധിയിലായി. 

സിപിഎം കേന്ദ്രകമ്മിറ്റിയംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, എൽ ഡി എഫ് കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചു. തോട്ടിത്തൊഴിലാളികൾ, തുറമുഖത്തൊഴിലാളികൾ, ട്രാൻസ്പോർട്ട് മർച്ചന്റ് ഷിപ്പിങ് തൊഴിലാഴികൾ തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. 1980ൽ ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

Detailed note on CPM leader MM Lawrence. Throughout his life as a dedicated party member, Lawrence exemplified the principles of socialism and workers' rights.