ഇന്ന് ലോക ആംഗ്യഭാഷ ദിനമാണ്. ആംഗ്യഭാഷ കേവലം ആശയവിനിമയത്തിന് മാത്രമല്ല, ഒത്തുചേരലിന് കൂടിയാണെന്ന് സന്ദേശമുയർത്തുന്ന ഒരു സൗഹ്യദ കൂട്ടായ്മയുണ്ട് തിരുവല്ലയിൽ. ശബ്ദമില്ലാത്ത ലോകത്തിൻറെ ഭാഷയിൽ പരിമിതികളെ ഒരുമിച്ച് നേരിടുന്ന ആ സംഘത്തെ പരിചപ്പെടാം.
തിരുവല്ല കുറ്റൂരിൽ 19 വർഷമായി സ്വന്തമായി കട നടത്തുന്നയാളാണ് രാജിത്ത്. രാജിത്തിന് ജന്മനാ കേൾവി ശക്തിയില്ല. ഇത് ഷിപ്യാർഡിൽ നിന്ന് വിരമിച്ച കെ.എ എബ്രഹാം. 66 വയസ്സുണ്ട്. സമൂഹത്തിന്‍റെ പല തുറകളിലുള്ള 80ഓളം പേരെ ചേർത്ത് പിടിക്കുന്നത് ആംഗ്യഭാഷയാണ്. പരിമിതികളെ കൂട്ടായ്മ കൊണ്ട് നേരിടുന്നവർ. ആഴ്ചയിലൊരിക്കൽ ഇവരിങ്ങനെ ഒത്തുകൂടും. കഥ പറയും. അനുഭവങ്ങൾ പങ്കുവെക്കും. പരസ്പരം താങ്ങാകും. എല്ലാം അവരുടെ ഭാഷയിൽ.
വിവിധ ഡെഫ് അസോസിയേഷനുകളിലെ അംഗങ്ങൾ ചേർന്നാണ് ഈ കൂട്ടായ്മ തുടങ്ങിയത്. വിരലിലെണ്ണാവുന്ന ആളുകൾ കൂടി തുടങ്ങിയ സംഘം ഇന്ന് തെക്കൻ കേരളത്തിലാകെ പടർന്നുപന്തലിച്ചിട്ടുണ്ട്.