എഴുപതാം നെഹ്റു ട്രോഫി വള്ളംകളിയുടെ ആരവമുയരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ പുന്നമടക്കായലും ആലപ്പുഴയും ആവേശത്തിലേക്ക് . ചുണ്ടൻ വള്ളങ്ങൾ പരിശീലനം കടുപ്പിച്ചു. പവലിയന്‍ നിര്‍മാണം ബുധനാഴ്ച പൂര്‍ത്തിയാകും. 

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം മുറുകിയതോടെ എങ്ങും തുഴത്താളത്തിന്‍റെ ആവേശം . ചുണ്ടൻ വള്ളങ്ങൾ പരിശീലനം സജീവമാക്കിയതോടെ ആരാധകരും ഉണർന്നു. പരിശീലനം കാണാന്‍ നൂറുകണക്കിന് വള്ളംകളി പ്രേമികളാണ് പുന്നമട കായലോരത്തെത്തുന്നത്. ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലെത്തി. പവലിയന്‍ നിര്‍മാണം നാളെ പൂർത്തിയാകും. പുരോഗതി വിലയിരുത്തുന്നതിന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ അലക്‌സ് വര്‍ഗീസ്, ജില്ല പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പവലിയനും ഫിനിഷിങ് പോയിന്‍റ് സന്ദര്‍ശിച്ചു. 

ഓഗസ്റ്റ് പത്തിന് നടക്കേണ്ടിയിരുന്ന വള്ളംകളി വയനാട് ദുരന്തത്തെ തുടർന്നാണ് നീട്ടിയത്. പരിശീലനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതിനാൽ ലക്ഷങ്ങളാണ് ബോട്ട് ക്ലബുകൾക്ക് നഷ്ടമുണ്ടായത്. ചാംപ്യന്‍സ് ബോട്ട് ലീഗ് ആദ്യം വേണ്ടെന്നു വച്ചെങ്കിലും വള്ളംകളി പ്രേമികളുടെയും ബോട്ട് ക്ലബുകളുടെയും ശക്തമായ ആവശ്യത്തെ തുടർന്ന് നടത്താൻ ധാരണയായിട്ടുണ്ട്. 

ENGLISH SUMMARY:

Punnamatkayaal ready for Nehru Trophy boat race