ആവേശത്തിന്‍റെ ആര്‍പ്പുവിളിക്കായി നിമിഷങ്ങളെണ്ണി പുന്നമടക്കായലിന്‍റെ തീരങ്ങള്‍. എഴുപതാം നെഹ്റുട്രോഫി ജലമേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ചുണ്ടന്‍വള്ളങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കി. കഴിഞ്ഞ തവണ കിരീട ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് കാരിച്ചാല്‍ ചുണ്ടനിലൂടെ വിജയക്കുതിപ്പ് ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ്.
ഇപ്പോള്‍ ശാന്തമാണ് പുന്നമടക്കായല്‍ .ശനിയാഴ്ച ഈ ഓളപ്പരപ്പില്‍ ചുണ്ടന്‍വള്ളങ്ങള്‍ കരിനാഗങ്ങളെപ്പോലെ കുതിക്കുമ്പോള്‍ കായലോരത്തെ ആയിരങ്ങളിലേക്ക് ഈ പോരാട്ടച്ചൂട് പടരും. ആവേശം ആര്‍പ്പുവിളികളാകും. .ചുണ്ടന്‍വള്ളങ്ങളെല്ലാം പരിശീലനം പൂര്‍ത്തിയാക്കി അവസാനവട്ട ഒരുക്കങ്ങള്‍ക്കായിറ്റി. കഴിഞ്ഞവര്‍ഷെത്തെ നെഹ്റുട്രോഫി– സിബിഎല്‍ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ശുഭപ്രതീക്ഷയിലാണ്. ഇന്നലെ പുന്നമടക്കായലില്‍ പിബിസി പരിശീലനം നടത്തി. ജലചക്രവര്‍ത്തി എന്നു വിളിക്കുന്ന കാരിച്ചാല്‍ ചുണ്ടനിലൂടെ ഇത്തവണയും കിരീടമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ഓരോ തുഴക്കാരന്‍റെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചുള്ള പരിശീലനം. എതിരാളികളെ കുറച്ചുകാണാതെയാണ് അവരുടെ ഒരുക്കം.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഷെഡ്യൂള്‍ പ്രഖ്യാപിക്കാത്തത് വള്ളംകളി പ്രേമികളിലും ബോട്ട് ക്ലബുകള്‍ക്കും ആശങ്കയ്ക്ക് കാരണമാകുന്നു. വള്ളംകളിക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ബോട്ട്ക്ലബുകള്‍ ആവശ്യപ്പെടുന്നു 19 ചുണ്ടന്‍ വള്ളങ്ങള്‍ അഞ്ചു ഹീറ്റ്സുകളിലായി മല്‍സരിച്ച് മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് നെഹ്രു സമ്മാനിച്ച വെള്ളിക്കപ്പിനായുള്ള അവസാന അങ്കത്തിനിറങ്ങുക