പത്തനംതിട്ട ജില്ലയിലെ ഗംഭീര കാഴ്ച അനുഭവമാണ് പ്രമാടം പഞ്ചായത്തിലെ നെടുമ്പാറ മല. കാലങ്ങളായി ടൂറിസത്തിന്‍റെ പുതിയ പദ്ധതി കാത്തിരിക്കുകയാണ് സുന്ദരമായ മലയും പരിസരവും. മലദൈവ സങ്കല്‍പ്പവും കാഴ്ചാ അനുഭവവും ഉള്ള യാത്രാ കേന്ദ്രമാണ് നെടുമ്പാറ മല.

നെടുമ്പാറ മല എന്ന കോട്ടപ്പാറമലക്ക് നെടുകെവീണ പാറയെന്നും പേരുണ്ട്. പാറയ്ക്കു കുറുകെ വഴി. പടിഞ്ഞാറ് ശിവനും കിഴക്ക് പാര്‍വതിയും എന്ന സങ്കല്‍പത്തില്‍ കല്ലുകള്‍ അടുക്കി ക്ഷേത്രസങ്കല്‍പം.  കിഴക്ക് പാര്‍വതിയുടെ മലയ്ക്കും കീഴെ ഗുഹയും അഗാധ ഗര്‍ത്തവും. കര്‍ക്കിടകം ഒന്നിന് കോട്ടമല കയറ്റംപോലെ അപൂര്‍വ ആചാരങ്ങള്‍. കേരളത്തിലെ 999 മല ദൈവസസങ്കല്‍പ്പങ്ങളില്‍ ഇരുപത്തിയൊന്നാമത്തെ മല ഇവിടെയാണ്. ഊരാളിയാണ് ഇവിടുത്തെ പുരോഹിതന്‍.

മലകടന്നു വീണ്ടും പോയാല്‍ അതിലും സുന്ദരമായ മേഖലയാണ്. പടിഞ്ഞാട്ട് നോക്കിയാല്‍ പത്തനംതിട്ട നഗരം തെക്കും കിഴക്കും വകയാറും കോന്നിയും. പ്രമാടം പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വൈകുന്നേരം ചെലവഴിക്കാന്‍ വരുന്ന സ്ഥലം കൂടി ആയ നെടുമ്പാറ മല. 

വിനോദ സഞ്ചാര വകുപ്പ് ടൂറിസം പദ്ധതിക്കായി 50 ലക്ഷം അനുവദിക്കാം എന്ന് ഉറപ്പ് നല്‍കിയ സ്ഥലത്ത് പക്ഷേ കാലങ്ങളായി ഒരു പരിപാടിയും നടന്നിട്ടില്ല. സ്വാഭാവിക ഭംഗിയെ നശിപ്പിക്കാത്ത വികസനം മതി എന്നാണ് നാട്ടുകാരുടെയും നിലപാട്