TOPICS COVERED

സിപിഎമ്മിന് കോടിയേരിയെ നഷ്ടമായിട്ട് ഇന്ന്  രണ്ടാണ്ട്. രാഷ്ട്രീയമായും ധാര്‍മികമായും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം കോടിയേരി എന്ന നഷ്ടത്തിന്‍റെ യാഥാര്‍ഥ്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നു. ഇനിയുള്ള കാലം  കോടിയേരിക്കും മുന്‍പും പിന്‍പുമെന്ന് പാര്‍ട്ടിയില്‍  വിലയിരുത്തപ്പെടുമെന്ന് ഉറപ്പിക്കപ്പെടുകയാണ് പാര്‍ട്ടി നേരിടുന്ന വിവാദങ്ങള്‍.

നേതാക്കളുടെ വിയോഗം നികത്താനാകാത്തതാണെന്ന അനുശോചന വാചകം വെറും പദപ്രയോഗമല്ലെന്ന് ഓര്‍മപ്പെടുത്തുകയാണ് രണ്ടാണ്ടിന് ശേഷവും  കോടിയേരി. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ പാര്‍ട്ടി കടന്നുപോകുമ്പോളാണ്, ആ വേര്‍പാട് അണികള്‍ക്ക് തീരാനഷ്ടമാകുന്നത്.  വ്യക്തിപരമായ പ്രതിസന്ധികളെപ്പോലും  പാര്‍ട്ടിക്ക് മുകളിലേക്ക് ചായാന്‍ അനുവദിക്കാതെയായിരുന്നു കോടിയേരി  സിപിഎമ്മിന് സംരക്ഷണം ഒരുക്കിയത്. 

Also Read : കോടിയേരിക്ക് എകെജി സെന്‍ററില്‍ അന്ത്യയാത്ര നിഷേധിച്ചതാര്? മിണ്ടാതെ പാര്‍ട്ടി; വിവാദം വീണ്ടും

പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായാല്‍ അത് വച്ചുനീട്ടാതെ പരിഹരിക്കുന്നതില്‍  കോടിയേരി കാട്ടിയ ജാഗ്രത ഇന്നില്ലെന്ന് നേതാക്കള്‍ തന്നെ ഓര്‍മപ്പെടുത്തുന്നു.  എം.ആര്‍.അജിത്കുമാര്‍ ആര്‍ എസ് എസ് കൂടിക്കാഴ്ചയും, പി.വി അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളുമെല്ലം പാര്‍ട്ടിക്ക് മെയ് വഴക്കത്തോടെ പരിഹരികാനാകാത്തതും കോടിയേരിയുടെ വിടവിന്‍റെ നേര്‍ക്കാഴ്ചയാണ്. 

‘കോടിയേരിയുണ്ടായിരുന്നെങ്കില്‍...’  എന്ന പ്രയോഗം പാര്‍ട്ടിയില്‍  രൂപപ്പെട്ടു കഴിഞ്ഞു. പാര്‍ട്ടി നിലപാടുകള്‍ തെല്ലും സംശയമില്ലാതെ ലളിതമായി പറയുന്ന കോടിയേരി ശൈലി പാര്‍ട്ടിക്ക് അനുഗ്രഹമായിരുന്നു. സ്വന്തം മക്കളുടെ കാര്യത്തില്‍ പോലും വിട്ടുവീഴ്ച ചെയ്തില്ല.

തെറ്റുകളും തിരുത്തലുകളും ഭരണനേതൃത്വത്തെ ഓര്‍മിപ്പിക്കാനുള്ള കരുത്ത് പാര്‍ട്ടിക്ക് നഷ്ടമായതും കോടിയേരിയുടെ വിയോഗത്തിന്‍റെ ബാക്കിപത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ വിമര്‍ശനങ്ങള്‍ പൂര്‍ണമായും മുഖ്യമന്ത്രിയിലേക്ക് എത്തിയപ്പോഴും കോടിയേരിയുടെ അസാന്നിധ്യം മുഴച്ചുനിന്നു. പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും മാത്രമല്ല മുന്നണിയിലും കോടിയേരി അവസാനവാക്കായിരുന്നു. കോടിയേരിയായിരുന്നു പാര്‍ട്ടിയുടെ അമരത്തെങ്കില്‍  ഇ.പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കേണ്ടി വരില്ലായിരുന്നുവെന്ന ചര്‍ച്ചകളും ആ ഓര്‍മകളെ അനശ്വരമാക്കുന്നു.

ENGLISH SUMMARY:

It has been two years since the CPM lost Kodiyeri Balakrishnan. The depth of the political and moral crisis faced by the CPM highlights the reality of this loss for the party. It is becoming evident that the party's future will be assessed as "before Kodiyeri" and "after Kodiyeri," especially in light of the ongoing controversies the party is currently dealing with.