മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദു ദിനപത്രത്തോട് ആവശ്യപ്പട്ടിട്ടാണോ, അതോ ഹിന്ദു അഭ്യർത്ഥിച്ചിട്ടാണോ മുഖ്യമന്ത്രിയുമായുള്ള അഭിമുഖം നടന്നതെന്ന ചോദ്യത്തോട് ക്ഷോഭിച്ച് ഇടത് നേതാവ് ജെയ്ക്ക് സി തോമസ്. മനോരമ കൗണ്ടർ പോയിന്റിനിടെയായിരുന്നു ഇടത് പ്രതിനിധി ക്ഷോഭിച്ചത്. അഭിമുഖം കൊടുക്കാനോ തരപ്പെടുത്താനോ സർക്കാർ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജെയ്ക് പറഞ്ഞു.
ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും പറഞ്ഞ കള്ളങ്ങൾ മാറ്റിപ്പറയാത്ത മാധ്യമസ്ഥാപനങ്ങൾ കേരളത്തിലുണ്ടെന്ന് ജെയ്ക് പറഞ്ഞു. സമ്മർദം ഉണ്ടായതുകൊണ്ടാണ് ഹിന്ദു തിരുത്തിയത്. മുഖ്യമന്ത്രിയുടെ പേരിൽ വന്ന തെറ്റായ പ്രസ്താവനയെ ഹിന്ദു തിരുത്തിയത് നന്നായെന്നും ജെയ്ക് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കായി സമീപിച്ച പിആർ ഏജൻസി എഴുതിത്തന്ന കാര്യമാണ് പ്രസിദ്ധീകരിച്ചതെന്നാണ് ഹിന്ദുവിന്റെ വിശദീകരണം. അത് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിക്കാത്തത് എന്താണെന്ന അവതാരകയുടെ ചോദ്യത്തോട് ആസന്നമായ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുമെന്നായിരുന്നു ജെയ്കിന്റെ മറുപടി.