കേരള പൊലീസിലെ സൂപ്പര്‍ ഡി.ജി.പിയെന്നാണ് ADGP എം.ആര്‍.അജിത്കുമാര്‍ അറിയപ്പെടുന്നത്. സാക്ഷാല്‍ ഡി.ജി.പിയേക്കാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടിപാടുള്ളയാള്‍. എന്ത് ആവശ്യത്തിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വിളിച്ച് നിര്‍ദേശം നല്‍കിയിരുന്ന ഉദ്യോഗസ്ഥന്‍. ആ വിളിപ്പേരിനെ പരസ്യമായി എതിര്‍ത്തിരുന്നെങ്കിലും രഹസ്യമായി ആസ്വദിക്കുകയും ഡി.ജി.പിയെ പോലും അനുസരിക്കാതെ പലകാര്യങ്ങളും ചെയ്ത് ആ വിളിപ്പേര് ഉറപ്പിക്കുകയും ചെയ്തിരുന്നതായാണ് പൊലീസ് സേനയിലെ വര്‍ത്തമാനം. എന്തായാലും അദേഹത്തിന്റെ അധികാര കസേരയായ ക്രമസമാധാന ചുമതല തെറിച്ചു. പൊലീസില്‍ അത്ര പ്രധാനമല്ലാത്ത സായുധ ബറ്റാലിയന്റെ തലപ്പത്ത് ഇനി ഇരിക്കണം.

എന്നാല്‍ സ്ഥലംമാറ്റിയപ്പോളും വിശ്വസ്തനായ ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും പരമാവധി കരുതല്‍ കാണിച്ചു. അതുകൊണ്ട് വീണ്ടും സൂപ്പര്‍ ഡി.ജി.പി കസേരയിലേക്ക് അജിത്കുമാര്‍ തിരിച്ചുവരുമോയെന്ന ചോദ്യമാണ് കേരളത്തില്‍ ഉയരുന്നത്.

മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചില്ലങ്കില്‍ മടങ്ങിവരവ് അജിത്കുമാറിന് അത്ര എളുപ്പമല്ല. കാരണം സ്ഥലംമാറ്റത്തില്‍ നടപടി ഒതുങ്ങിയെങ്കിലും അദേഹം രണ്ട് പ്രധാന അന്വേഷണം നേരിടുന്നുണ്ട്. പൂരം കലക്കലില്‍ ഡി.ജി.പിയുടെ അന്വേഷണവും സ്വര്‍ണക്കടത്തിലും അനധികൃത സ്വത്ത് സമ്പാദനത്തിലുമായി വിജിലന്‍സ് അന്വേഷണവും.

പൂരം കലക്കലിലെ അന്വേഷണം അജിത്കുമാറിന് കൂടുതല്‍ തലവേദനയായേക്കും. കാരണം പൂരം നടത്തിപ്പിലെ മേല്‍നോട്ടത്തില്‍ അജിത്കുമാറിന് വീഴ്ചയെന്ന് ഡി.ജി.പി നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിന്റെ വിശദ അന്വേഷണം നടക്കുമ്പോള്‍ കൂടുതല്‍ വീഴ്ചകള്‍ കണ്ടെത്താനാണ് സാധ്യത. അങ്ങിനെ വന്നാല്‍ അജിത്കുമാറിനെതിരെ കൂടുതല്‍ നടപടി എടുക്കാന്‍ സമ്മര്‍ദം ഏറും.

അന്‍വര്‍ ഉയര്‍ത്തിയ മലപ്പുറം സ്വര്‍ണക്കടത്തിലെ തട്ടിപ്പ്, മലപ്പുറം എസ്.പി ക്യാംപ് ഓഫീസിലെ മരംമുറി, കവടിയാറിലെ കെട്ടിടനിര്‍മാണം, അനധികൃത സ്വത്ത്സമ്പാദനം തുടങ്ങി വിവിധ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. അതില്‍ അജിത്കുമാറിനെ കുറ്റക്കാരനായി കണ്ടെത്തുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷെ പ്രാഥമിക അന്വേഷണം തീരാന്‍ ആറ് മാസം സമയം എടുക്കും. അതിനാല്‍ അന്വേഷണം നേരിടുന്ന ഒരാളെ വീണ്ടും അധികാര കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടായിരിക്കും.

ആറ് മാസം നീളുന്ന അന്വേഷണം അജിത്കുമാറിന് വലിയ തിരിച്ചടിയാണ്. കാരണം എ.ഡി.ജി.പി പദവിയില്‍ അജിത്കുമാറിന് ഇനി അവശേഷിക്കുന്നത് 9 മാസം മാത്രമാണ്. അടുത്ത ജൂലായില്‍ അജിത്കുമാര്‍ ഡി.ജി.പി പദവിയിലേക്ക് ഉയരും. അതിന് ശേഷം പൊലീസ് മേധാവിയാകാതെ ക്രമസമാധാന ചുമതലയുടെ തലപ്പത്ത് ഇരിക്കാനാവില്ല. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന രണ്ട് അന്വേഷണത്തിലും ക്ളീന്‍ചിറ്റ് കിട്ടിയില്ലങ്കില്‍ സൂപ്പര്‍ ഡി.ജി.പി എന്ന മോഹം ഇനി നടക്കില്ല. നടന്നാല്‍ പോലും വെറും മൂന്ന് മാസത്തേക്കായിരിക്കും അജിത്കുമാറിന്  ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന പദവിയിലേക്ക് ഇനി തിരിച്ചെത്തി ഇരിക്കാനാവുക.

അജിത്കുമാര്‍ പൊലീസ് മേധാവിയാകുമോ?

ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പകരം പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കേണ്ടത് അടുത്ത ജൂലായിലാണ്. 30 വര്‍ഷം സര്‍വീസോ ഡി.ജി.പി റാങ്കോ ഉള്ളവരെയാണ് പൊലീസ് മേധാവി പദവിയിലേക്ക് പരിഗണിക്കേണ്ടത്. ജൂലായ് ആകുമ്പോള്‍ അജിത്കുമാറിന്റെ സര്‍വീസ് 29 വര്‍ഷം കഴിയത്തേയുള്ളു. അതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയില്ല. ഇനി സംസ്ഥാനം ഉള്‍പ്പെടുത്തിയാലും ആദ്യ മൂന്ന് റാങ്കിലുള്ളവരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി തയാറാക്കുക. നിലവിലെ അവസ്ഥയില്‍ ആ പട്ടികയില്‍ അഞ്ചാം സ്ഥാനം മാത്രമേ അജിത്കുമാറിന് ലഭിക്കു. അതിനാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ പൊലീസ് മേധാവിയാകാനുള്ള അജിത്കുമാറിന്റെ മോഹം നടക്കില്ല.

പിന്നീട് സാധ്യതയുണ്ടോ?

അടുത്ത പൊലീസ് മേധാവിയാകാന്‍ സാധ്യതയുള്ളത് നിതിന്‍ അഗര്‍വാള്‍, റവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം എന്നിവര്‍ക്കാണ്. ഇതില്‍ നിതിന്‍ അഗര്‍വാളോ റവാഡാ ചന്ദ്രശേഖറോ പൊലീസ് മേധാവിയായാല്‍ ഇരുവരുടെയും യഥാര്‍ത്ഥ കാലാവധി 2026 ജൂലായില്‍ അവസാനിക്കും. എന്നാല്‍ പൊലീസ് മേധാവിക്ക് രണ്ട് വര്‍ഷം വരെ സര്‍വീസ് കൊടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അങ്ങിനെ നല്‍കിയാല്‍ പിന്നീട് പൊലീസ് മേധാവി മാറ്റമുണ്ടാകുന്നത് 2027 ജൂലായിലായിരിക്കും. അപ്പോളേക്കും അജിത്കുമാറിന്റെ സര്‍വീസ് അവശേഷിക്കുന്നത് അഞ്ചര മാസം മാത്രമാവും. ആറ് മാസത്തില്‍ താഴെയുള്ളവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കില്ലാത്തതിനാല്‍ അജിത്തിന്റെ വഴി അടയും. 

ഇനി യോഗേഷ് ഗുപ്തയോ മനോജ് എബ്രഹാമോ അടുത്ത പൊലീസ് മേധാവിയായാല്‍ ഇരുവരും വിരമിക്കുന്നതിന് മുന്‍പ് തന്നെ അജിത്കുമാര്‍ വിരമിക്കുന്നതില്‍ പിന്നെ അജിത്ത്കുമാറിന് ഒരവസരം ലഭിക്കില്ല.

ചുരുക്കിപ്പറഞ്ഞാല്‍ നിതിന്‍ അഗര്‍വാള്‍, റവാഡാ ചന്ദ്രശേഖര്‍ എന്നിവരില്‍ ആരെങ്കിലും അടുത്ത പൊലീസ് മേധാവിയാവുകയും അവരുടെ കാലാവധി ഒരു വര്‍ഷം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ സൂപ്പര്‍ ഡി.ജി.പിയെന്ന വിളിപ്പേര് നേടിയ അജിത്കുമാറിന് യഥാര്‍ത്ഥത്തില്‍ ഡി.ജി.പിയാവാന്‍ സാധിക്കു.

ENGLISH SUMMARY:

Super DGP of Kerala Police ADGP Ajith Kumar