ഒരു അച്ചാര്‍ ഇട്ട് എയറിലാവാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക് എന്ന് ചോദിച്ചാല്‍ സൈബറിടം പറയും അത് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പറ്റുമെന്ന്. വാന്‍ ലൈഫ് വിഡിയോകളിലൂടെ ശ്രദ്ധേയരായ എബിന്‍, ലിബിന്‍ സഹോദരങ്ങളാണ് അച്ചാര്‍ ബിസിനസ് തുടങ്ങിയത്. ഇതിനായി 100 കിലോ ചിക്കൻ അച്ചാറും ഇട്ടു. എന്നാല്‍ വൃത്തിഹീനമായ പരിസരത്താണ് അച്ചാര്‍ ഉണ്ടാക്കുന്നതെന്നും തീരെ വൃത്തിയില്ലെന്നും അച്ചാര്‍ വിഡിയോയിക്ക് പിന്നാലെ കമന്‍റുകള്‍ യൂട്യൂബില്‍ നിറഞ്ഞു. പിന്നാലെ ട്രോളന്‍മാരും വിഷയം ഏറ്റെടുത്തു. Also Read : ഇ–ബുള്‍ ജെറ്റിന്‍റെ വാഹനം കാറുമായി കൂട്ടിയിടിച്ചു; 3 പേര്‍ക്ക് പരുക്ക്
‘ചേട്ടന്മാരെ ഞാൻ കണ്ണൂർ ആണ് സ്ഥലം, നിങ്ങളുടെ നാട്ടിൽ തന്നെ.. ജില്ലയിൽ ഏതെങ്കിലും ഹോട്ടലിൽ നിങ്ങൾ സാധനം കൊടുക്കുന്നുണ്ട് എങ്കിൽ പറയണേ..ബിരിയാണി കഴിക്കുമ്പോൾ അച്ചാർ വേണ്ട എന്ന് പറയാൻ ആണ് , മഞ്ഞൾപ്പൊടിയിലെ കാൽപ്പാട് ആരാ പുലിയാണോ? അങ്ങനെ പോകുന്നു കമന്‍റുകള്‍. കൂടുതല്‍ കഷ്ണങ്ങള്‍ ഇട്ടുള്ള അച്ചാറാണെന്നും 1200 രൂപയാണ് അച്ചാറിനെന്നും ഇരുവരും വിഡിയോയില്‍ പറയുന്നുണ്ട്. വലിയ ബോട്ടില്‍ അച്ചാര്‍ വാങ്ങുമ്പോള്‍ ചെറിയ അച്ചാര്‍ ഫ്രീ തരുന്നുണ്ടെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു.
വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാഹനമായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിൽ ഇവര്‍ ബഹളം വച്ചതിനെ തുടർന്ന് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.