കിളിമാനൂരിലെ പുതിയകാവ് ക്ഷേത്രത്തില്‍ പാചകവാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സന്ധ്യയ്ക്ക് ശ്രീകോവിലിന് വെളിയില്‍ ഉപദേവതമാരുടെ നടയില്‍ വിളക്ക് തെളിക്കുന്നതിനിടെയാണ് കിളിമാനൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ മേല്‍ശാന്തി കെ.പി. ജയകുമാരന്‍ നമ്പൂതിരിക്ക് പൊള്ളലേറ്റത്. ഒക്ടോബര്‍ ഒന്നാം തീയതി വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. കീഴ്ശാന്തി വരാത്തതിനേതുടര്‍ന്ന് മേല്‍ശാന്തി നേരത്തെ എത്തി ക്ഷേത്ര തിടപ്പളളിയിലെ സ്റ്റൗവില്‍ നിവേദ്യം തയാറാക്കി. ഇതിനു ശേഷമാണ് വിളക്ക് തെളിയിച്ച് തുടങ്ങിയത്. 

ക്ഷേത്രത്തില്‍ തൊഴാനെത്തിയവരില്‍ ഒരാള്‍ പാചകവാതകത്തിന്‍റെ മണം വരുന്നതായി പറഞ്ഞതോടെയാണ് മേല്‍ശാന്തി കയ്യിലിരുന്ന കൊടിവിളക്കുമായി തിടപ്പള്ളിയിലേക്ക് കയറിയത്. വാതില്‍ തുറന്നതും തീയാളിപ്പടരുകയായിരുന്നു. തീ പടര്‍ന്നത് കണ്ടതും മേല്‍ശാന്തി ഓടി പുറത്തേക്ക് ഇറങ്ങുന്നതും ക്ഷേത്രത്തില്‍ തൊഴാനെത്തിയവര്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. Also Read: ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിത്തം

ഗുരുതരമായി പൊള്ളലേറ്റ മേല്‍ശാന്തിയെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ ചികില്‍സയില്‍ ഇരിക്കെയാണ് അദ്ദേഹം മരിച്ചത്. ചെറിയ തീയില്‍ നിവേദ്യം തയാറാക്കുമ്പോള്‍ തീ കെട്ടുപോയെന്നും ഇത് ശ്രദ്ധിക്കാതിരുന്നതോടെ പാചക വാതകം ചോര്‍ന്നെന്നുമാണ് നിഗമനം. ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി ഇലങ്കംമഠമാണ് ജയകുമാരന്‍ നമ്പൂതിരിയുടെ ഇല്ലം. 

ENGLISH SUMMARY:

Shocking CCTV visuals of kilimanoor temple fire accident. The accident occurred on Oct 1st evng when the chief priest, K.P. Jayakumaran Namboothiri, was lighting lamps inside temple