വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗം ഏറെ വേദനയോടെയാണ് വിവിധ മേഖലയിലുള്ളവര്‍ ഉള്‍ക്കൊണ്ടത്. ലളിതവും നിര്‍മമവുമായിരുന്നു ആ ജീവിതകാലമെന്നാണ് അനുസ്മരിക്കുന്ന എല്ലാവരും പറയുന്നത്. ഇപ്പോഴിതാ സൈബറിടത്ത് ശ്രദ്ധേയമായ ഒരു കുറിപ്പുണ്ട് ,രത്തൻ ടാറ്റയുടെ ചിത്രമെടുക്കാൻ അവസരമുണ്ടായതും അദ്ധേഹത്തിന്‍റെ എളിമ നേരിട്ട് കണ്ട അനുഭവം കുറിച്ചിരിക്കുകയാണ് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍  റിജോ ജോസഫ്. Also Read : രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയല്‍ ടാറ്റ; ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്

മൂന്നാറിലെ ടാറ്റാ സ്ഥാപനം സന്ദര്‍ശിക്കാന്‍ വന്ന രത്തന്‍ ടാറ്റ കുഞ്ഞുങ്ങള്‍ക്ക് ഒപ്പം ചിത്രം എടുത്ത സംഭവമാണ് റിജോ കുറിച്ചിരിക്കുന്നത്.  5 അടി 7 ഇഞ്ച് പൊക്കമുള്ള ആ വലിയ മനുഷ്യനെയും കുഞ്ഞുങ്ങളെയും ഒറ്റ ഫ്രെയിമിലാക്കാനുള്ള എ‌ന്‍റെ പെടാപ്പാടു കണ്ടിട്ടാവാം രത്തൻ ടാറ്റ പെട്ടന്നു കുട്ടിയായി മാറിയെന്നും. കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് താണു നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്തെന്നും ചിത്രം അടക്കം പങ്കുവച്ച് റിജോ കുറിക്കുന്നു. ധനമോ പ്രൗഡിയോ ഒന്നും അയാളെ കുട്ടികൾക്കു മുൻപിൽ താഴുന്നതിന് തടസമായില്ലെന്നും താണനിലത്തേ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ എന്നും കുറുപ്പില്‍ റിജോ പറയുന്നു. 

മൂന്നാറിനോട് എന്നും പ്രിയമായിരുന്നു രത്തൻ ടാറ്റയ്‌ക്ക്. രണ്ട് തവണയാണ് അദ്ദേഹം മൂന്നാറിന്‍റെ മണ്ണിലേക്ക് എത്തിയത്. 1997 ഏപ്രിലിലാണ് രത്തൻ ടാറ്റ ആദ്യമായി മൂന്നാർ സന്ദർശിച്ചത്. ഡയർ സ്‌കൂൾ, ഐടിഡി, നല്ലതണ്ണിയിലെ ലയങ്ങൾ എന്നിവിടങ്ങളിലാണ് അന്ന് ടാറ്റ സന്ദർശനം നടത്തിയത്. 2009 നവംബറിൽ ഹൈറേഞ്ച് സ്‌കൂളിന്‍റെ 25-ാം വാർഷികത്തിലായിരുന്നു രണ്ടാം സന്ദർശനം. മൂന്നാറിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഡയർ സ്‌കൂൾ ആരംഭിച്ചത് ടാറ്റയുടെ നിർദേശ പ്രകാരമായിരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'സൃഷ്‌ടി'യുടെ തുടക്കവും രത്തൻ ടാറ്റയുടെ മേൽനോട്ടത്തിൽ ആയിരുന്നു. ഭിന്നശേഷികാരുടെ വിദ്യാഭ്യാസവും തൊഴിലുമെല്ലാം ലക്ഷ്യം വച്ചാണ് സൃഷ്‌ടി പ്രവർത്തിക്കുന്നത്.

കുറിപ്പ്

രത്തൻ ടാറ്റയുടെ ചിത്രമെടുക്കാൻ ഒരു തവണ അവസരമുണ്ടായി, മൂന്നാറിൽ ടാറ്റാ സ്ഥാപനങ്ങളിൽ അദ്ദേഹത്തിൻ്റെ സന്ദർശനമായിരുന്നു വേദി. എളിമയുള്ള പ്രൗഡിയുള്ള സ്നേഹമുള്ള അന്തസുള്ള സൗമ്യനായ നല്ല മനുഷ്യൻ. ചിലരങ്ങനെയാണ് ഉരയ്ക്കും തോറും മാറ്റ് തെളിയുന്നതുപോലെ ഫോട്ടോ എടുക്കും തോറും ആളോട് ഇഷ്ടം കൂടും. എത്ര ചിത്രമെടുത്താലും ക്യാമറയുടെയും ഫൊട്ടോഗ്രഫറിൻ്റെയും ആർത്തി കുറയില്ല. രത്തൻ ടാറ്റ അങ്ങനെ ഒരു മനുഷ്യൻ. ക്യാമറയിലൂടെ നോക്കുമ്പോൾ അറിയാം കള്ളനാണയങ്ങളെയും നല്ല നാണയങ്ങളെയും. ചിലപ്പോൾ ഒരു കണ്ണു ചിമ്മലിൽ പോലും മനസിലാക്കാൻ സാധിക്കും നമ്മൾ ശുദ്ധരെന്നു കരുതുന്നവരുടെ കാപട്യം. അദ്ദേഹത്തെ കാണും തോറും ഇഷ്ടം കൂടി വന്നു. ധാരാളം ചിത്രമെടുത്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതായിരുന്നു. ടാറ്റാ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുഞ്ഞുങ്ങൾ പഠിക്കുന്ന നഴ്സറി ക്ലാസ് കാണാൻ അദ്ദേഹം എത്തി . ഒടുവിൽ കുട്ടികൾക്കൊപ്പം ചിത്രം എടുക്കണം, 5 അടി 7 ഇഞ്ച് പൊക്കമുള്ള ആ വലിയ മനുഷ്യനെയും കുഞ്ഞുങ്ങളെയും ഒറ്റ ഫ്രെയിമിലാക്കാനുള്ള  പെടാപ്പാടു കണ്ടിട്ടാവാം രത്തൻ ടാറ്റ പെട്ടന്നു കുട്ടിയായി മാറുന്നതാണ് കണ്ടത്. കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് താണു നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന വലിയ മനുഷ്യൻ. തൻ്റെ ധനമോ പ്രൗഡിയോ ഒന്നും അയാളെ കുട്ടികൾക്കു മുൻപിൽ താഴുന്നതിന് തടസമായില്ല. അന്ന് മനസിൽ ഉറപ്പിച്ചു "താണനിലത്തേ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ "