ഹൃദയമാറ്റ ശസ്ത്രക്രിയ കാത്ത് കണ്ണൂരില്‍ ഇരുപത്തിരണ്ടുകാരനായ അശ്വന്ത് ചന്ദ്രന്‍. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം 90 ശതമാനം നിലച്ച അശ്വന്തിന് ഹൃദയമാറ്റമല്ലാതെ ജീവിതം തിരിച്ചുപിടിക്കാന്‍ മറ്റൊരു വഴിയുമില്ല. 75 ലക്ഷത്തിലധികം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ ദുരിതത്തിലാണ് ഓട്ടോ ഡ്രൈവറായ പിതാവ്
എരമം കുറ്റൂര്‍ പഞ്ചായത്തിലെ കുഴിക്കാട്ട് വീട്ടില്‍ അശ്വന്ത് ചന്ദ്രന്‍ ജനിച്ച് ആറാം മാസം തൊട്ടേ ഹൃദ്രോഗിയാണ്. ഇപ്പോഴാണ് ഹൃദയപേശികളുടെ പ്രവര്‍ത്തനം 90 ശതമാനത്തോളം നിലച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ തേടുന്ന അശ്വന്തിന്‍റെ ജീവനെയോര്‍ത്ത് വിങ്ങുകയാണ് ഒരു കുടുംബം.
ആകെയുള്ള കിടപ്പാടം പണയപ്പെടുത്തിയും മറ്റും വന്‍ കടബാധ്യതയിലായ കുടുംബം മകനെ രക്ഷിക്കാനുള്ള വഴികള്‍ തേടുകയാണ്. ആരോഗ്യകാരണങ്ങളാല്‍ മോശം അവസ്ഥയിലുള്ള സ്വന്തം വീട്ടില്‍ നിന്ന് മാറി ബന്ധുവീട്ടിലാണ് അശ്വന്ത് താമസം. കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സഹോദരന്‍ മാത്രമാണിപ്പോള്‍ കുടുംബത്തിന്റെ ആശ്രയം. അതിനിടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം തുടങ്ങിയിരിക്കുകയാണ്.