‘അയാള്‍ അഴിമതിയില്ലാത്ത ഉദ്യോഗസ്ഥനാണ്, വളരെ മാന്യമായ രീതിയില്‍ ജോലി ചെയ്തിരുന്ന നല്ല മനുഷ്യന്‍, ഇടതുപക്ഷ സഹയാത്രികനാണ്, എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമെ ആ മനുഷ്യനെ പറ്റിയുള്ളു, ഭാര്യയും സര്‍ക്കാര്‍ ജോലിക്കാരിയാണ്, രണ്ട് പെണ്‍കുട്ടികളാണ് ആ മനുഷ്യനുള്ളത്’ Also Read : കണ്ണിൽ ചോരയില്ലെ നിങ്ങള്‍ക്ക്, ആ പാവത്തിനെ കൊന്നതല്ലെ? പിപി ദിവ്യയോട് സൈബറിടം
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പറ്റി സുഹൃത്ത് മലയാലപ്പുഴ ശശിയുടെ വാക്കുകളാണിത്. അത്രത്തോളം ജോലിയെ സ്നേഹിച്ചിരുന്ന നല്ലവനായ ഉദ്യോഗസ്ഥനായിരുന്നു എന്നാണ് എല്ലാവരും നവീനെ പറ്റി പറയുന്നത്.
കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു നവീനെ കാണപ്പെട്ടത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽനിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്ങളായിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നത് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണു ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയത്.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവർ ജില്ലാ കലക്ടറുൾപ്പെടെ ഉണ്ടായിരുന്ന വേദിയിൽവച്ച് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉപഹാരം നൽകുന്ന സമയത്ത് തന്റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് വേദി വിടുകയും ചെയ്തു.യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയിൽ വണ്ടിനിർത്താൻ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.