naveen-divya

എ.ഡി.എം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ മൗനം തുടരുകയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ. വിളിക്കാത്ത ചടങ്ങില്‍ കയറിച്ചെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കാന്‍ കാണിച്ച ധൈര്യം നവീന്‍റെ മരണത്തോടെ ചോര്‍ന്നുപോയി. അതേ സമയം നവീനെ കരുതികൂട്ടി അപമാനിക്കുകയായിരുന്നു ദിവ്യയുടെ ശ്രമമെന്നാണ് ഉയരുന്ന ആരോപണം.

നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുൻപ് ഒരു വിഡിയോഗ്രഫർ സ്ഥലത്തെത്തി കാത്തിരുന്നു. ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂർണമായി ചിത്രീകരിച്ചു. രാത്രി ഈ വിഡിയോ മാധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭ്യമാക്കി. യാത്രയയപ്പിൽ എഡിഎമ്മിനെ ദിവ്യ വിമർശിച്ചകാര്യം വാർത്തയായി. ഒപ്പം വീഡിയോ  സമൂഹമാധ്യമങ്ങളിൽ  പ്രചരിപ്പിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചു വിടുക എന്ന കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങൾ നടന്നതെന്നു വ്യക്തം.

2016ല്‍ തലശ്ശേരി കുട്ടിമാക്കൂലിൽ ദലിത്‌ വിഭാഗത്തിൽപെട്ട സഹോദരിമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരിൽ ഒരാൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു. ചാനൽ ചർച്ചയിൽ ഇവർ പൊതുശല്യമെന്ന തരത്തിൽ ദിവ്യ പറഞ്ഞതിനെത്തുടർന്നാണ്   പെൺകുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നായിരുന്നു പരാതി. 

അതേ സമയം  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പരാമർശങ്ങളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്തെത്തി. യാത്രയയപ്പു യോഗത്തിലെ ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A day after CPI(M) leader and Kannur district panchayat president P P Divya made comments critical of additional district magistrate Naveen Babu at a public function, Babu was found dead at his residence on Tuesday.