കണ്ണൂരില്‍ ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന്റെ സംസ്കാരം നാളെ നടക്കും.മൃതദേഹം എത്തിക്കാന്‍ വൈകുന്നതോടെയാണ് സംസ്കാരം നാളത്തേക്ക് മാറ്റിയത്. നാളെ രാവിലെ പത്തുമണിക്ക് പത്തനംതിട്ട കലക്ട്രേറ്റില്‍ പൊതുദര്‍ശനം. ഉച്ചയോടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. ഇന്നലെ രാത്രി ബന്ധുക്കള്‍ കണ്ണൂരിലെത്തി മ‍ൃതദേഹം ഏറ്റുവാങ്ങിയിരുന്നു. ഇതിനിടെ നവീന്‍റെ മരണം സിപിഐഎം ഗൗരവമായാണ് കാണുന്നതെന്നും കൃത്യമായ അന്വേഷണത്തിലൂടെ  നടപടികൾ സ്വീകരിക്കുമെന്നും  സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്  ഉദയഭാനു നിലപാട് വ്യക്തമാക്കിയത്.

Also Read : മുന്‍പും ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; ദിവ്യയ്ക്ക് ഇതാദ്യമല്ല; അന്ന് എഴുതിത്തള്ളി

നവീന്‍റെത് പാര്‍ട്ടി കുടുംബമാണെന്നും  ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ലെന്നും  ആവശ്യവുമായി സമീപിച്ചിട്ടുള്ളവർക്കെല്ലാം നല്ല അനുഭവങ്ങളാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പറയുന്നു.

കുറിപ്പ്

ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും പത്തനംതിട്ടയിൽ തന്നെയായിരുന്നതുകൊണ്ടും സിപിഐഎം -യുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വർഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഔദ്യോഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയിൽ NGO യുടെയും KGOA യുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയിൽ അദ്ദേഹം ദീർഘാനാൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ആവശ്യവുമായി സമീപിച്ചിട്ടുള്ളവർക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍  ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവവികസങ്ങളേയും തുടർന്നുള്ള നവീന്റെ അത്മഹത്യയെയും സിപിഐഎം ഗൗരവമായാണ് കാണുന്നത്.ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവിശ്യമായ നടപടികൾ സ്വീകരിക്കും.തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ എ.ഡി.എം നവീൻ ബാബുവിന്റെ വേർപാടിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്  അനുശോചനം രേഖപെടുത്തുന്നു.

ENGLISH SUMMARY:

District Secretary of CPM Pathanamthitta kp udayabhanu says that Naveen is part of the party family and no allegations have been made against him.