Image Credit ; Facebook

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും പിപി ദിവ്യയെ തള്ളിപ്പറഞ്ഞിട്ടും, അവരെ ന്യായീകരിക്കുന്ന സമീപനമാണ് മുരളി തുമ്മാരുകുടി കൈക്കൊള്ളുന്നതെന്ന ആക്ഷേപവുമായി കോൺ​ഗ്രസ് നേതാവ് വിടി ബൽറാം.  മുരളി തുമ്മാരുകുടിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിപി ദിവ്യയ്ക്ക് അനുകൂലമായ ഒരു ഫെയ്സ്ബുക്ക് കമന്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് ബൽറാമിന്റെ വിമർശനം. 

പീപ്പി ദിവ്യ എന്ന ആ പാവം സ്ത്രീയെ ക്രൂശിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോടും അതിനായി സമ്മർദ്ദം ചെലുത്തിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയോടും കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും. പ്രമുഖ ദുരന്ത വിദഗ്ധന്‍ ഇനിയും പീപ്പി ദിവ്യക്ക്‌ വേണ്ടിയുള്ള ന്യായീകരണം തുടരും. - വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. 

അതേസമയം, എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ രം​ഗത്തെത്തി. ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഖേദം പ്രകടിപ്പിക്കുന്ന കത്ത് പത്തനംതിട്ട സബ്കലക്ടര്‍ വഴി കുടുംബത്തിന് കൈമാറി. 

കലക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മാപ്പു പറച്ചില്‍. കലക്ടര്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുെമന്ന് റവന്യൂ മന്ത്രി കെ. രാജന്‍ രാവിലെ പറഞ്ഞിരുന്നു. ഗൂഢാലോചന ആരോപണത്തിന്‍റെ വിശദാംശം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും നവീന്‍ ബാബുവിന്‍റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്നും റവന്യൂ മന്ത്രി തൃശൂരില്‍ പറഞ്ഞു. 

എഡിഎമ്മിന്‍റെ മരണത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി കണ്ണൂരില്‍ പറഞ്ഞു. കലക്ടര്‍ക്കെതിരായ വിമര്‍ശനവും അന്വേഷണപരിധിയിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിഎമ്മിനെതിരായ ഗൂഢാലോചനയില്‍ കലക്ടര്‍ക്ക് പങ്കെന്ന് പറയുന്നുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. അന്വേഷണം നടത്തി സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ല പങ്ക് കലക്ടര്‍ക്കും ഉണ്ടെന്നാണ് അറിവ്. പി.പി.ദിവ്യയ്‌ക്കെതിരെ ആവശ്യമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഉദയഭാനു കൊച്ചിയില്‍ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Muralee Thummarukudy defended PP Divya, VT Balram criticized