പ്രിയപ്പെട്ടവരുടെ കണ്ണുകളിൽനിന്ന് ഇറ്റുവീണ കണ്ണീർത്തുള്ളികളെ സാക്ഷിയാക്കി നവീന്‍ ബാബുവിന് നാട് യാത്രാമൊഴി നല്‍കിട്ട് ഒരു ദിവസമായി. സോഷ്യല്‍ വാളുകളില്‍ നിറയുന്ന കുറിപ്പുകളിലൂടെയും വിഡിയോകളിലൂടെയും നവീനെ കൂടുതല്‍ അടുത്ത അറിയുകയാണ് മലയാളികള്‍. കാസര്‍കോഡ് കലക്ടറേറ്റില്‍ എത്തിയ സമരക്കാരോട് വളരെ മാന്യമായി പെരുമാറുന്ന നവീന്‍ ബാബുവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

സമരക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ ഓരോത്തരെയും ശ്രദ്ധയോടെയാണ് നവീന്‍ എന്ന ഉദ്യോഗസ്ഥന്‍ കേള്‍ക്കുന്നത്. അവര്‍ ബഹളം വയ്ക്കുമ്പോള്‍ പോലും നിലവിട്ട് അദ്ദേഹം പെരുമാറുന്നില്ല. നവീന്‍ ബാബു സൗമ്യനാണെന്ന നാട്ടുക്കാരുടെയും സഹപ്രവര്‍ത്തകരുടെയും വാദത്തെ അടിവരയിടുന്നതാണ് ഈ ദൃശ്യങ്ങള്‍. നിരവധി ആളുകളാണ് മാപ്പ് പറഞ്ഞും ആദരാഞ്ജലി ആര്‍പ്പിച്ചും കമന്റ് ബോക്സില്‍ എത്തുന്നത്.

നവീൻ ബാബുവിനെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഉച്ചകഴിഞ്ഞ് 2.45ന് സംസ്കാര കർമങ്ങൾ ആരംഭിച്ചു. മക്കളായ നിരഞ്ജനയും നിരുപമയും ചേർന്നാണ് അന്ത്യകർമങ്ങൾ ചെയ്തത്. 3.45ന് മൃതദേഹം ചിതയിലേക്കെടുത്തു. ഇളയ മകൾ നിരുപമ ചിതയ്ക്ക് തീ കൊളുത്തി.

ജില്ലയുടെ ഭരണ സാരഥ്യത്തിൽ രണ്ടാമനായി ചുമതലയേൽക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ മൃതദേഹം രാവിലെ കലക്ടറേറ്റിൽ പൊതുദർശനത്തിനു വച്ചപ്പോൾ ജനപ്രതിനിധികളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും ആദരാഞ്ജലി അർപ്പിച്ചു. ഇങ്ങനെയൊരു യാത്രയയപ്പായിരുന്നില്ല നവീൻ അർഹിച്ചത് എന്ന കാര്യത്തിന് ആദരമർപ്പിക്കാൻ ഒഴുകിയെത്തിയ ജനം സാക്ഷ്യം പറഞ്ഞു. പൂർത്തിയാക്കാൻ കഴിയാതെ പോയ സർവീസ് ജീവിതത്തിൽ ഒരു ഫയലിലും ചുവപ്പുനാട തീർക്കാതിരുന്ന നല്ല മനുഷ്യനെയോർത്ത് ഉള്ളുലഞ്ഞാണു പലരും മടങ്ങിയത്.

ENGLISH SUMMARY:

Naveen Babu video with agitator