കെ.എസ്.ആർ.ടി.സി പുതുതായി വാങ്ങിയ പ്രീമിയം എ.സി സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്ത് മന്ത്രി കെ.ബി.ഗണേഷ് കുമാറും കുടുംബവും. പുതിയ ബസുകളിൽ സീറ്റ് ബെൽറ്റും ചാർജ്ജിങ് സോക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു.
പുതിയ എസി സൂപ്പർഫാസ്റ്റ് ബസിന്റെ അടിപൊളിയാണോയെന്ന് അറിയാനാണ് മന്ത്രി കുടുംബസമേതം തമ്പാനൂരിൽ നിന്ന് യാത്ര തുടങ്ങിയത്. പാസുണ്ടെങ്കിലും മന്ത്രിയും ടിക്കറ്റ് എടുത്തു. മൈക്ക് നീട്ടിയപ്പോൾ ഭാവി പദ്ധതികളെക്കുറിച്ച് വാചാലനായി.
വർഷങ്ങൾക്ക് ശേഷമുള്ള ബസ് യാത്രയുടെ ത്രില്ലിലാണ് ഭാര്യ ബിന്ദു മേനോൻ. പുതിയ ബസിന്റെ ഡിസൈൻ തയാറാക്കിയത് മന്ത്രിപുത്രനായ ആദിത്യൻ ആണ്. അച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലേക്കോയെന്ന ചോദ്യത്തിന് ഇല്ലെന്ന് ഉത്തരം. നല്ല സീറ്റും സൌകര്യങ്ങളും. പുതിയ ബസിൽ യാത്രക്കാരും ഹാപ്പിയാണ്.