TOPICS COVERED

ഭിന്നശേഷി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി സൈക്കിള്‍ കാരവനില്‍ ഭാരത യാത്രയിലാണ് രണ്ട് സുഹൃത്തുക്കള്‍.. ഒരാളില്‍ നിന്ന് ഒരു രൂപ വീതം ശേഖരിച്ചാണ് യാത്ര. കഴിഞ്ഞ ദിവസമാണ്  ഇരുവരും  പത്തനംതിട്ടയില്‍ എത്തിയത്. 

കോഴിക്കോടുകാരനായ അധ്യാപകന്‍ കെ.ജി.നിജിനുമാണ് ഒരു രൂപ ചലഞ്ചുമായി ഇറങ്ങിയത്. 2021 ഡിസംബർ 10ന് യാത്ര തുടങ്ങി. വയനാട് നിന്ന് തിരുവനന്തപുരം വരെ പോയി. കിട്ടിയ പണത്തിന് സഥലം വാങ്ങി അഞ്ച് വീടിന് തറകെട്ടി. ഇനി വീട് വയ്ക്കാനുള്ള പണത്തിനാണ് യാത്ര. ആദ്യം രണ്ടു സൈക്കിളില്‍ ആയിരുന്നു യാത്ര. പിന്നീട് കൂട്ടിക്കെട്ടി ഇരുവരും ചവിട്ടുന്ന രീതിയില്‍ കാരവന്‍ ആക്കി.  കിടക്കാനും പാചകം ചെയ്യാനുമുള്ള സൗകര്യം ഒരുക്കി. ഫാൻ, ലൈറ്റ്, മൊബൈൽ ചാർജിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സോളർ പാനലും ഘടിപ്പിച്ചു. 

രാവിലെ 10ന് തുടങ്ങുന്ന യാത്ര രാത്രി 12 വരെ നീളും. രാത്രി പെട്രോൾ പമ്പിലോ ആരാധനാലയങ്ങളിലോ തങ്ങും.  ചിലയിടങ്ങളില്‍ രാത്രി തങ്ങാന്‍ വീടുകളിലേക്ക് ക്ഷണിക്കുന്നവരുണ്ട്. ഒരു രൂപ ചലഞ്ചില്‍ തങ്ങള്‍ക്കാവും വിധം പണം നല്‍കാന്‍ തയാറുള്ളവരുണ്ട്. ഇനി കശ്മീരിലേക്ക് പോകാനാണ് പദ്ധതി. കഴിഞ്ഞ ദിവസം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ എത്തിയ ഇവരെ പുരോഹിതരടക്കം  ചേര്‍ന്നാണ് സ്വീകരിച്ചത്.

ENGLISH SUMMARY:

Two friends are traveling to India in a bicycle caravan to provide houses for differently-abled families