ആര്‍എസ്എസ് ദേശീയ നേതൃത്വം ഇടപെട്ടിട്ടും പിന്തിരിയാതെ ബിജെപി നേതാവ് സന്ദീപ് വാരിയർ. തുറന്ന വിമർശനം ഒഴിവാക്കിയ സന്ദീപ് പ്രശ്നങ്ങൾ വേണ്ടപ്പെട്ടവരെ അറിയിച്ചെന്നും മറുപടിക്കായി കാത്തിരിക്കുകയാണന്നും മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. പാലക്കാട് സി. കൃഷ്ണകുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവർത്തിച്ച സന്ദീപിന്റെ കാര്യം ദേശീയ നേതൃത്വം നോക്കുമെന്ന് ബിജെപി സംസ്ഥന അധ്യക്ഷനും വ്യക്തമാക്കി.
ഇനിയും ഇടഞ്ഞു നിന്നാൽ പരിവാർ കുടുംബം കൂടെ ഉണ്ടാകില്ലന്ന് സന്ദീപ് വാരിയർക്കും എല്ലാവരെയും ഒപ്പം കൂട്ടിപോയില്ലെങ്കിൽ ഇടപെടൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനുമുള്ള സന്ദേശമാണ്
സമ്പർക്ക് പ്രമുഖിന്റെ സന്ദർശനം. ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പ് കിട്ടിയെന്നും കാത്തിരിക്കാനാണു നിർദേശമെന്നും സന്ദീപ് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.
പറഞ്ഞ പ്രശ്ങ്ങൾക്ക് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. ഒതുക്കാൻ മുന്നിൽ നിൽക്കുന്ന സി കൃഷ്ണ കുമാറിന് വേണ്ടി പാലക്കാട് പ്രചാരണത്തിന് ഇറങ്ങില്ല. ഇനി എല്ലാം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ വിശദീകരിക്കുമെന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാന അധ്യക്ഷൻ.
അതേ സമയം സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് ബിജെപി നിലപാടന്നും മറ്റുള്ളവരുടെ വാക്കുകൾക്ക് പ്രസക്തിയില്ലെന്നും പറഞ്ഞ സി. കൃഷ്‌ണകുമാർ സന്ദീപുമായി ഒത്തുതീർപ്പ് ഇല്ലെന്ന സൂചന നൽകി. സന്ദീപിനു ബിജെപി യിൽ തുടരാനാവില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. പാർട്ടി വിടാൻ തീരുമാനിച്ചാലും സന്ദീപ് പൂർവകാലം മുഴുവൻ തള്ളിപ്പറയുമോയെന്നതും സിപിഎമ്മിനെ സംബന്ധിച്ചു നിർണായകമാണ്.