മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞ്, ആ ചിത്രം കണ്ട് ചേർത്ത് നിർത്തിയ മുത്തപ്പൻ. സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് മുത്തപ്പനും കുഞ്ഞും തമ്മിലുള്ള ഹൃദ്യമായ രംഗങ്ങൾ. പുത്തൂർ ശ്രീ നാറോത്ത് മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ കെട്ടിയാടിയ മുത്തപ്പൻ വെള്ളാട്ടവും തൊട്ടടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരൻ നവദേവും തമ്മിലുള്ള സംഭാഷണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അടുത്തവീട്ടിൽ മുത്തപ്പൻ വെള്ളാട്ടമുണ്ടെന്നറിഞ്ഞപ്പോൾ നവദേവ് മുത്തപ്പന്‍റെ ചിത്രം ക്രയോൺകൊണ്ട് വരച്ചിരുന്നു. ഈ ചിത്രവുമായാണ് നവദേവ് മുത്തപ്പനെ കാണാനെത്തിയത്. കുട്ടിയുടെ കയ്യിൽ മുത്തപ്പൻ വെള്ളാട്ടത്തിന്റെ ചിത്രം വരച്ചത് ശ്രദ്ധയിൽപ്പെട്ട മുത്തപ്പൻ വെള്ളാട്ടം കുഞ്ഞിൽ നിന്ന് ചിത്രം വാങ്ങി സംസാരിക്കുന്നതാണ് വിഡിയോ.
'നീ അങ്ങനെ മറച്ചുവച്ചാൽ ഞാൻ കാണാതെ പോകുമോ..' എന്ന മുത്തപ്പന്‍റെ വാക്കുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. 'അവനവന് ആവുന്നത് പോലെ അല്ലെ.. ഈ പ്രായത്തിൽ ഇത്രയെങ്കിലും ഉള്ളിൽ ഉണ്ടല്ലോ.. ഉള്ളിലുള്ളത് പകർത്താൻ ദൈവികമായ കഴിവ് വേണം. അത് ജന്മസിദ്ധമായി കിട്ടും. മുത്തപ്പനെ കുഞ്ഞ് അത്രമാത്രം ഉള്ളിൽ സ്വീകരിച്ചിട്ടുണ്ട്' എന്നിങ്ങനെയാണ് മുത്തപ്പന്‍റെ വാക്കുകൾ.
മുത്തപ്പന്‍റെ വാക്കുകൾ കേട്ടതിന് പിന്നാലെ കരഞ്ഞ നവദേവിനെ മുത്തപ്പൻ ചേർത്ത് പിടിക്കുന്നുണ്ട്. 'നല്ലത് കേൾക്കുമ്പോ കരയൂവേ..' എന്ന് ചോദിച്ചാണ് മുത്തപ്പൻ സമാധാനിപ്പിക്കുന്നത്. ദക്ഷിണയായി കിട്ടിയതിലെ ഒരു തുക കളർ വാങ്ങാനായി മുത്തപ്പന്‍ കുഞ്ഞിന് നൽകുകയും ചെയ്തു.
പുത്തൂരിലെ പാലിയേറ്റീവ് വാഹനത്തിന്‍റെ ഡ്രൈവർ ജയൻ ഫോണിൽ പകർത്തിയാണ് വിഡിയോ. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ജീവനക്കാരൻ വിലാസിന്‍റെയും പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരി പുത്തൂര്‍ സ്വദേശി ഷൈമയുടെയും മകനാണ് നവദേവ് എന്നും ഫെയ്സ്ബുക്കിൽ പത്മരാജ് എരവിൽ പങ്കുവച്ച കുറിപ്പിലുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ്,
കലിയുഗ കറുപ്പിലും തെളിമയുള്ള നന്മ കർമ്മങ്ങളുടെ ചിത്രം പിറക്കുന്നുണ്ട്. ആധിവ്യാധികളകറ്റാനും അകം അനുഗ്രഹ വചനങ്ങളാൽ നിറയാനും മാണ് പലരും തെയ്യങ്ങളെ ഉപാസിക്കുകയും അനുഷ്ഠാനങ്ങളുടെ ഭാഗമായി കൊണ്ടാരാധിച്ചു പോകുന്നതും.
ജീവിതവ്യഥകളിൽ അകം വെന്തുനീറുന്ന ചിലർക്ക് തുടർന്നുള്ള ജീവിതത്തെ സധൈര്യം മുന്നോട്ടു നയിക്കാനും വിശ്വാസങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.
ചില നേരങ്ങളിൽ നന്മകൾ പൂക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ അത്തരത്തിൽ കിട്ടിയ ഒരു വീഡിയോ കടപ്പാടോടെ പങ്കുവെക്കുകയാണ്.
പറഞ്ഞു വരുന്നത്, നാളുകൾ മുമ്പ് ,പുത്തൂർ ശ്രീ നാറോത്ത് മുണ്ട്യ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ അരങ്ങിലെത്തിയ മുത്തപ്പൻ വെള്ളാട്ടം ഒരു കുഞ്ഞു കലാകാരൻ വരച്ച മുത്തപ്പൻ വെള്ളാട്ടത്തിന്റെ ചിത്രം, മുത്തപ്പന്റെ ശ്രദ്ധയിൽ പെടുകയും. കുഞ്ഞിൽ നിന്ന് ചിത്രം വാങ്ങി മൊഴി പറയുകയും ചെയ്തു. , ഈ സമയം കുഞ്ഞ് കലാകാരന്റെ കണ്ണു നിറഞ്ഞതും.
വെള്ളാട്ടം പ്രോത്സാഹനവുമായി ദക്ഷിണയായി കിട്ടിയതിലെ ഒരു തുക സമ്മാനമായി നൽകുന്നതുമായ വീഡിയോ പുത്തൂരിലെ പാലിയേറ്റീവ് വാഹനത്തിന്റെ സാരഥി ജയേട്ടൻ ഫോണിൽ പകർത്തി.ഈ രംഗം ഇതിനോടകം നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്.
പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ജീവനക്കാരൻ ,പിലിക്കോട്ടെ വിലാസിന്റെയും , പെരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരി പുത്തൂരിലെ ഷൈമയുടെയും മകൻ നവദേവ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ കാഴ്ച യിലെ ചിത്രകാരൻ.കോലധാരി : സനീഷ് വെള്ളച്ചാൽ. കാഴ്ചയുടെ നല്ല പൂക്കൾ ഇനിയും വിടരട്ടെ. തെയ്യോർമ്മകൾ നല്ലതായി മാത്രം അവസാനിക്കട്ടെ.